മലേരിയാമുക്ത രാജ്യമായി ഈജിപ്റ്റ്. ലോകാരോഗ്യസംഘടനയാണ് ഇതിനെസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മലേരിയയെ തുടച്ച് നീക്കാന്‍ രാജ്യം നൂറ്റാണ്ടുകളായി തുടരുന്ന പോരാട്ടത്തിനാണ് ഇപ്പോള്‍ പര്യവസാനം കുറിച്ചിരിക്കുന്നതെന്നും ലോകാരോഗ്യസംഘടന പറഞ്ഞു.
ചരിത്രപരമെന്നാണ് നേട്ടത്തെപ്പറ്റി ലോകാരോഗ്യസംഘടനാ മേധാവി ഡോക്ടര്‍ ടെഡ്രോസ് അദാനോം ഗബ്രിയേസസ് തന്റെ എക്‌സ് പേജില്‍ കുറിച്ചത്. കിഴക്കന്‍ മേഖലയിലെ മറ്റ് രാജ്യങ്ങള്‍ക്ക് ഈജിപ്റ്റിന്റെ മുന്നേറ്റം പ്രചോദനമാകുമെന്നും ടെഡ്രോസ് പറഞ്ഞു. കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയില്‍ യുഎഇയ്ക്കും മൊറോക്കോയ്ക്കും ശേഷം മലേരിയാമുക്തമായി ലോകാരോഗ്യസംഘടന അംഗീകരിച്ച മൂന്നാമത്തെ രാജ്യമാണ് ഈജിപ്റ്റ്.
ആഗോളതലത്തില്‍ 44ഓളം രാജ്യങ്ങള്‍ മലേരിയാമുക്തമായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഇതൊരു പുതിയ തുടക്കമാണെന്നും മലേരിയാമുക്തപദവി നിലനിര്‍ത്താന്‍ ഇനിയും അശ്രാന്തമായി പരിശ്രമിക്കണമെന്നും ഈജിപ്റ്റ് ഉപപ്രധാനമന്ത്രി ഡോക്ടര്‍ ഖാലിദ് അബ്ദുള്‍ ഗഫാര്‍ പറഞ്ഞു. ഈജിപ്റ്റിലെ മലേരിയാ സാന്നിധ്യത്തിന് ഈജിപ്ഷ്യന്‍ നാഗരികതയോളം പഴക്കമുണ്ട്.
4000 ബിസി മുതല്‍ രാജ്യത്ത് മലേരിയാ കണ്ടുവന്നിരുന്നുവെന്നും ടുട്ടന്‍ ഖാമനടക്കം നിരവധി ഫറവോമാരുടെ മരണത്തിന് കാരണം മലേരിയയാണെന്നതിന്റെ ജനിതകതെളിവുകള്‍ ഇവരുടെ മമ്മികളില്‍നിന്ന് കണ്ടെത്തിയിരുന്നുവെന്നും ഗവേഷകര്‍ പറയുന്നു. 1920ല്‍ വീടുകള്‍ക്ക് സമീപം കൃഷി ചെയ്യുന്നതിന് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
ഈ സമയത്ത് ഈജിപ്റ്റിലെ ഭൂരിഭാഗം ജനങ്ങളും നൈല്‍ നദിതീരപ്രദേശങ്ങളിലേക്ക് താമസം മാറ്റി. ഈ നീക്കം രോഗത്തിന്റെ 40 ശതമാനം വര്‍ദ്ധനവിലേക്കാണ് നയിച്ചത്. 1930ഓടെ രാജ്യത്ത് രോഗം മൂര്‍ച്ഛിക്കുകയും ഈജിപ്റ്റില്‍ ആദ്യ മലേരിയാ നിയന്ത്രണ കേന്ദ്രം തുറക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയും ചെയ്തു.
1942ല്‍ രണ്ടാംലോക മഹായുദ്ധത്തിന്റെ ഫലമായി ഈജിപ്റ്റില്‍ മലേരിയാ രോഗബാധിതയുടെ എണ്ണം ദശലക്ഷം കടന്നു. യുദ്ധത്തെത്തുടര്‍ന്ന് തടസ്സം നേരിട്ട മരുന്ന് വിതരണവും അനോഫലെസ് കൊതുകുകളുടെ വര്‍ദ്ധനവും പിന്നീട് 1969ലെ അസ്വാന്‍ അണക്കെട്ട് നിര്‍മാണവുമെല്ലാമാണ് രാജ്യത്ത് മലേരിയാവ്യാപനത്തിനിടയാക്കിയതെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. 2001 മുതലാണ് രാജ്യത്ത് മലേരിയാ നിയന്ത്രണവിധേയമായത്.