തൃശ്ശൂര്‍: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബിജെപി വോട്ടുകള്‍ യുഡിഎഫിലേക്ക് പോയോ എന്ന് സംശയമുണ്ടെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു . പുതുപ്പള്ളിയില്‍ ബിജെപിക്ക് 19,000 വോട്ടുണ്ട്. അത് യുഡിഎഫ് വാങ്ങിയോ എന്ന് നല്ല സംശയമുണ്ട്. ബിജെപി വോട്ട് ചാണ്ടി ഉമ്മന്‍ വാങ്ങിയില്ലെങ്കില്‍ ഞങ്ങള്‍ ജയിക്കും.- എംവി ഗോവിന്ദന്‍ പറഞ്ഞു.
ആര് ജയിച്ചാലും വലിയ ഭൂരിപക്ഷമുണ്ടാകില്ല. വോട്ടിങ് വൈകിപ്പിച്ചെന്ന ആരോപണം വെറുതെയാണെന്ന് കലക്ടര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പോളിങ് മനപ്പൂര്‍വ്വം വൈകിപ്പിച്ചതാണെന്ന ആരോപണം ആവര്‍ത്തിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ രംഗത്തെത്തി. രാവിലെ കണ്ട തിരക്ക് എങ്ങനെ തടയപ്പെട്ടു? ഇത്രയും ആള്‍ക്കാര്‍ വന്ന് വോട്ട് ചെയ്യാന്‍ നിന്നിട്ടും എന്തുകൊണ്ട് പോളിങ് ശതമാനം കുറഞ്ഞു? സംഘടിതമായ ശ്രമമുണ്ടായോ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വയം ആലോചിക്കേണ്ടതാണ്- ചാണ്ടി ഉമ്മന്‍ പറഞ്ഞു. വിദേശരാജ്യങ്ങളില്‍ നിന്നുവരെ ആളുകള്‍ വോട്ട് ചെയ്യാന്‍ വന്നു. മണിക്കൂറുകള്‍ കാത്തുനിന്നാണ് ആളുകള്‍ മടങ്ങിപ്പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്തുകൊണ്ട് താമസം വന്നു എന്ന് ചോദിക്കുമ്പോള്‍ പ്രിസൈഡിങ് ഓഫീസര്‍ ഉത്തരം നല്‍കുന്നില്ല. അപ്പോള്‍ പ്രിസൈഡിങ് ഓഫീസറെ സംരക്ഷിക്കാന്‍ വേണ്ടി പുറത്തുനിന്ന് കുറച്ചുപേര്‍ കയറി വരികയാണ്. യാഥാര്‍ത്ഥ്യം പുറത്തറിയാതിരിക്കാന്‍ വേണ്ടിയാണ് അവര്‍ അത് ചെയ്തത്.'- അദ്ദേഹം പറഞ്ഞു.