കോഴിക്കോട് പന്തീരാങ്കാവിലെ ഗാര്‍ഹികപീഢനക്കേസില്‍ ഞെട്ടിയിരിക്കുകയാണ് കേരളം. നവവധുവിനെ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കി പ്രതി രാഹുല്‍ പി ഗോപാല്‍ ജര്‍മ്മനിയിലേക്ക് കടന്നു. രാഹുലിനെ ഇന്ത്യയിലേക്ക് വരുത്താന്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് പൊലീസ്.ഒപ്പം റെഡ് കോര്‍ണര്‍ നോട്ടീസിനായി ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം... എന്താണ് ഈ ബ്ലൂ കോര്‍ണര്‍ റെഡ് കോര്‍ണര്‍ നോട്ടീസുകള്‍
പേരുപോലെ തന്നെ അന്താരാഷ്ട്രബന്ധമുള്ളത് തന്നെയാണ് ഇവ. എല്ലാ രാജ്യങ്ങളിലെയും പൊലീസ് സംവിധാനത്തെ ഏകോപിപ്പിച്ച് കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാനുള്ള അന്താരാഷ്ട്രസംഘടനയാണ് ഇന്റര്‍പോള്‍.
ഇന്റര്‍നാഷണല്‍ ക്രിമിനല്‍ പൊലീസ് ഓര്‍ഗനൈസേഷന്‍ അഥവ ഇന്റര്‍പോളിന്റെ കളര്‍കോഡഡ് അറിയിപ്പുകളുടെ ഭാഗമാണ് ഈ നോട്ടീസുകള്‍. ഇന്റര്‍പോള്‍ വെബ്‌സൈറ്റില്‍ ഓരോ രാജ്യങ്ങള്‍ക്കും അവര്‍ തേടുന്ന കുറ്റവാളികളോ അല്ലെങ്കില്‍ വ്യക്തികളുടെയോ വിവരങ്ങള്‍ പങ്കുവയ്ക്കാം. അന്താരാഷ്ട്ര തലത്തില്‍ കൈമാറുന്ന വിവരങ്ങള്‍ രാജ്യം വിടുന്ന കുറ്റവാളികളെ പിടികൂടാന്‍ സഹായിക്കും.
ഏഴുതരത്തിലുള്ള നോട്ടീസുകളാണ് ഇന്റര്‍പോള്‍ പുറപ്പെടുവിക്കുന്നത്. ഏഴിനും ഏഴ് നിറവും നല്‍കിയിട്ടുണ്ട്. റെഡ് നോട്ടീസ്, യെല്ലോ നോട്ടീസ്, ബ്ലൂ നോട്ടീസ്, ബ്ലാക്ക് നോട്ടീസ്, ഗ്രീന്‍ നോട്ടീസ്, ഓറഞ്ച് നോട്ടീസ്, പര്‍പ്പിള്‍ നോട്ടീസ്. ഓരോ നോട്ടീസിനും വ്യത്യസ്തമായ അര്‍ത്ഥങ്ങളാണ്. കുറ്റത്തിന്റെയും കുറ്റവാളിയുടെയും കാഠിന്യമനുസരിച്ച് നിറവും മാറും
റെഡ് കോര്‍ണര്‍ നോട്ടീസ് ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് രാജ്യം വിട്ടവര്‍ക്ക് വേണ്ടിയാണ് സാധാരണ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാറ്. അതായത് സംഗതി അല്‍പം ഗുരുതരമാണ്.എന്നാല്‍ ഇത് അറസ്റ്റ് വാറണ്ടല്ലെന്നാണ് ഇന്റര്‍പോളും പറയുന്നത്.
ബ്ലൂ കോര്‍ണര്‍ നോട്ടീസ് വ്യക്തിയുടെ വിവരങ്ങള്‍ തേടുന്നതിനായുള്ളതാണ്. ഒരര്‍ത്ഥത്തില്‍ അന്വേഷണ നോട്ടീസ്. പ്രതി അല്ലെങ്കില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളിന്റെ ലോക്കേഷന്‍ അടക്കം അറിയാന്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ്. യെല്ലോ നോട്ടീസ് പുറപ്പെടുവിക്കുന്നത് കാണാതായ പ്രത്യേകിച്ചും പ്രായപൂര്‍ത്തിയാകാത്തവരുടെ വിവരങ്ങള്‍ക്കായാണ്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ വിവരങ്ങള്‍ തേടുന്നതിനായാണ് ബ്ലാക് നോട്ടീസ്.
ഗ്രീന്‍ നോട്ടീസ് കുറ്റവാളികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനാണ്. കാര്യമായിട്ട് സൂക്ഷിക്കണം എന്ന് തന്നെ. ഓറഞ്ച് നോട്ടീസ് നല്‍കുന്നത് ആപത്കരമായ സാഹചര്യത്തെക്കുറിച്ചോ കുറ്റവാളികളെ കുറിച്ചോ സൂചന നല്‍കാനാണ്. പര്‍പ്പിള്‍ നോട്ടീസ് മോഡസ് ഓഫ് ഓപ്പറെന്‍ഡി അല്ലെങ്കില്‍ കുറ്റവാളികളുടെ ഒളിത്താവളങ്ങള്‍, രീതികള്‍ എന്നിവയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതാണ്.
ഈ കളര്‍ കോഡിങ് നോട്ടീസിന് പുറമേ എട്ടാമതൊരു പ്രത്യേക നോട്ടീസുമുണ്ട്. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഈ പ്രത്യേക നോട്ടീസ്. ഒരു വ്യക്തിയോ സ്ഥാപനമോ യുഎന്‍ ഉപരോധത്തിന് വിധേയമാണെന്ന് അറിയിക്കുന്നതിനാണ് ഇത്.
ഇന്റര്‍പോളിന്റെ നാല് ഔദ്യോഗിക ഭാഷകളില്‍ ആണ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നത്. ഇംഗ്ലീഷ്, ഫ്രഞ്ച്, അറബിക്, സ്പാനിഷ് എന്നിവയാണ് ആ ഭാഷകള്‍. എന്നാല്‍ ഈ നോട്ടീസുകള്‍ പുറപ്പെടുവിച്ചത് കൊണ്ട് മാത്രം ഒരാള്‍ കുറ്റവാളിയാകുന്നില്ലെന്നും ഇന്റര്‍പോള്‍ വ്യക്തമാക്കുന്നുണ്ട്. കുറ്റം ചെയ്ത് രാജ്യം വിട്ടാലും നിയമം കുറ്റവാളികളെ തേടി ചെല്ലുമെന്ന് സാരം.