കൊല്ലം: ഒരേസമയം രണ്ടുപേരെ വിവാഹം കഴിക്കാൻ അപേക്ഷ നൽകിയ യുവതി ഒടുവിൽ ഒരു അപേക്ഷ പിൻവലിച്ചു. പത്തനാപുരം, പുനലൂർ സ്വദേശികളെ വിവാഹം കഴിക്കുന്നതിനായാണ് യുവതി പത്തനാപുരം, പുനലൂർ സബ് രജിസ്ട്രാർ ഓഫീസുകളിൽ അപേക്ഷ നൽകിയത്. ഇപ്പോൾ, പത്തനാപുരം സബ് രജിസ്ട്രാർ ഓഫിസിലെ അപേക്ഷയാണ് പിൻവലിച്ചത്.
പത്തനാപുരം സബ് രജിസ്ട്രാർ ഓഫീസിലാണ് സ്‌പെഷ്യൽ മാര്യേജ് ആക്ട് അനുസരിച്ച് യുവതി ആദ്യം അപക്ഷ നൽകിയത്. പിന്നാലെ ഉറുകന്ന് സ്വദേശിയായ യുവാവിനെ വിവഹം കഴിക്കണമെന്നാവശ്യപ്പെട്ട് പുനലൂർ സബ് രജിസ്ട്രാർ ഓഫീസിൽ ഇതേ യുവതി അപേക്ഷ നൽകി. ഇതോടെ ഉദ്യോഗസ്ഥർ കുരുക്കിലായി.
യുവതിയോടൊപ്പം അപേക്ഷിച്ച പത്തനാപുരം സ്വദേശിയായ യുവാവും അപേക്ഷ പിൻവലിക്കുകയാണെന്ന് ആറിയിച്ചിട്ടുണ്ട്. ഇവരുടെ അപേക്ഷ തള്ളുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതേസമയം, പുനലൂർ സബ് രജിസ്ട്രാർ ഓഫീസിൽ നൽകിയ അപേക്ഷയിൽ തുടർനടപടിയെടുക്കാൻ പെൺകുട്ടിയും യുവാവും ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ രജിസ്ട്രേഷൻ ഐജിയുടെ നിയമോപദേശം ലഭിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കു.