കാലിഫോര്‍ണിയ: ടാര്‍സന്‍ ടെലിവിഷന്‍ സീരീസിലൂടെ ശ്രദ്ധേയനായ അമേരിക്കന്‍ നടന്‍ റോണ്‍ ഇലി(86) അന്തരിച്ചു. കാലിഫോര്‍ണിയയിലെ വീട്ടില്‍ വച്ച് സെപ്റ്റംബര്‍ 29നായിരുന്നു അന്ത്യം. താരത്തിന്റെ മകള്‍ കിര്‍സ്റ്റിന്‍ കാസലെ ഇലി ആണ് മരണവാര്‍ത്ത പങ്കുവച്ചത്.അച്ഛനൊപ്പമുള്ള കുട്ടിക്കാല ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്. ലോകത്തിന് ഏറ്റവും മികച്ച മനുഷ്യരില്‍ ഒരാളെയും എനിക്ക് എന്റെ അച്ഛനേയും നഷ്ടപ്പെട്ടു എന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിച്ചത്. തന്റെ അച്ഛന്റെ സ്‌നേഹം മനസിലാക്കിയാല്‍ ഈ ലോകം കൂടുതല്‍ തിളക്കമുള്ളതും അര്‍ത്ഥവത്തായതുമാകും എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞത്.
1966 മുതല്‍ 1968 വരെ സംപ്രേഷണം ചെയ്ത ടാര്‍സന്‍ സീരീസില്‍ ടാര്‍സന്റെ വേഷത്തിലെത്തിയത് റോണ്‍ ആയിരുന്നു. സീരീസിന്റെ ഷൂട്ടിങ്ങിനിടെ നിരവധി പരിക്കുകളും അദ്ദേഹത്തിന് പറ്റി. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനെ വന്യമൃഗം ആക്രമിക്കുകയും എല്ലിന് ഒടിവുണ്ടാവുകയും ചെയ്തു. 2001ല്‍ അദ്ദേഹം അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത് എഴുത്തുകാരനായി. രണ്ട് നോവലുകളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2014ല്‍ എക്‌സ്‌പെക്റ്റിങ് അമീഷ് എന്ന ചിത്രത്തില്‍ വേഷമിട്ടു.