യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയല്‍ കാർഡ് നിര്‍മ്മിച്ച കേസ് ക്രൈം ബ്രാഞ്ചിന്. പ്രത്യേക അന്വേഷണ സംഘത്തെ ഡിഐജി ജയനാഥ് ഐപിഎസ് നയിക്കും. ഡിവൈഎസ്പി ജലീൽ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ. സംസ്ഥാന വ്യാപകമായി അന്വേഷണം വേണ്ടതിനാലാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ പോലീസ് കേസെടുത്തത്. പത്തനംതിട്ട കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്നായിരുന്നു ആദ്യ കണ്ടെത്തൽ. പിന്നീട് കാസർകോടും തട്ടിപ്പു നടന്നതായി കണ്ടെത്തി. വിവിധ ജില്ലകളിൽ സമാന കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് ഡിസിപി നിഥിൻ രാജ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാർശ ചെയ്തത്. പിന്നാലെയാണ് ഡിജിപിയുടെ നടപടി. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തെ ഡിഐജി ജയനാഥ് ഐപിഎസ് നയിക്കും. ഡിവൈഎസ്പി ജലീൽ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ. കേസിന്റെ മേൽനോട്ടം എസ്പി ജയശങ്കറിനാണ്.
കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദാണ് കേസിൽ അവസാനം അറസ്റ്റിലായത്. വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കംപ്യൂട്ടർ സെന്ററിലെ ജീവനക്കാരനാണ് ഇയാൾ. യൂത്ത് കോൺഗ്രസ് നേതാവിന്റേതാണ് സെന്റർ. കേസിലെ പ്രതികളെ ആപ്പ് ഉപയോഗിച്ച് കാർഡ് നിർമിക്കാൻ സഹായിച്ചത് ഇയാളാണെന്ന് പൊലീസ് പറയുന്നു. വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കേസിൽ 4 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഫെനി നൈനാൻ, ബിനിൽ ബിനു, അഭിനന്ദ് വിക്രം, വികാസ് കൃഷ്ണ എന്നിവരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.