ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും എഎപി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിനെതിരെ കോടതിയെ സമീപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡല്‍ഹി മദ്യനയകേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് അഞ്ചാം തവണയും സമന്‍സ് അയച്ചിട്ട് കെജ്രിവാള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പില്‍ ഹാജരായിരുന്നില്ല. ജനപ്രതിനിധിയായ ആള്‍ ഉത്തരവ് അനുസരിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്. ഫെബ്രുവരി ഏഴിന് കോടതി കേസ് പരിഗണിക്കും.കെജ്രിവാള്‍ ചോദ്യംചെയ്യലിന് ഹാജരാകുമെന്ന കണക്കുകൂട്ടലില്‍ ഇ ഡി ഓഫീസിന് മുമ്പില്‍ കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ചോദ്യം ചെയ്യുന്നതിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജനുവരി 18 നാണ് നാലാം സമന്‍സ് കെജ്രിവാളിന് അയച്ചത്.ജനുവരി മൂന്നിന് ഇഡിക്ക് മുന്നില്‍ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് അയച്ചിരുന്നെങ്കിലും കെജ്രിവാള്‍ ഹാജരായില്ല. നവംബര്‍ രണ്ടിനും ഡിസംബര്‍ 21നും ഹാജരാകാന്‍ ഇഡി നോട്ടീസ് അയച്ചിരുന്നെങ്കിലും അതിനും ഹാജരായിരുന്നില്ല. രാഷ്ട്രീയ പ്രേരിതമാണെന്നെന്ന് ആരോപിച്ച് കെജ്രിവാള്‍ ഈ നോട്ടീസുകള്‍ തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും നോട്ടീസ് അയച്ചത്.കഴിഞ്ഞ ദിവസവും ഡല്‍ഹി ക്രൈംബ്രാഞ്ച് കെജ്രിവാളിന്റെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ നോട്ടീസ് ഔദ്യോഗികമായി കൈപ്പറ്റാന്‍ വീട്ടിലുണ്ടായിരുന്ന ജീവനക്കാര്‍ തയ്യാറായിരുന്നില്ല. എഎപി നേതാവും മന്ത്രിയുമായ അതിഷിയുടെ വീട്ടിലും നോട്ടീസ് നല്‍കുന്നതിനായി ക്രൈംബ്രാഞ്ച് വെള്ളിയാഴ്ച എത്തിയിരുന്നു. എന്നാല്‍ അതിഷി വീട്ടില്‍ ഇല്ലാത്തതിനാല്‍ നോട്ടീസ് നല്‍കാന്‍ സാധിച്ചിരുന്നില്ല.