സപ്ലൈകോ പ്രതിസന്ധി സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ഷാഫി പറമ്പിൽ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. സിവിൽ സപ്ലൈസ് വകുപ്പിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി ജി.ആർ അനിൽ, സർക്കാർ ഇടപെടൽ ശക്തമാക്കുമെന്ന് മറുപടി നൽകി.
പ്രമേയ അവതരണത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി. സിവിൽ സപ്ലൈസ് വകുപ്പിനെ സർക്കാർ ദയാവധത്തിന് വിട്ടുകൊടുക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് വാക്കൗട്ട് പ്രസംഗത്തിൽ കുറ്റപ്പെടുത്തി.
സിവിൽ സപ്ലൈസ് വകുപ്പിലെ പ്രതിസന്ധിയിൽ ധനവകുപ്പിന്റെ അവഗണനയുണ്ടെന്ന് സിപിഐ ഉൾപ്പെടെ വിമർശനം ഉയർത്തിയിരുന്നു. പിന്നാലെയാണ് വിഷയത്തിൽ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം അനുമതി തേടിയത്. ഈ വകുപ്പിനെ തകർക്കാൻ ശ്രമിക്കുന്നത് സർക്കാരിന്റെ ഭാഗത്ത് നിന്നുള്ളവർ ആണെന്ന് പ്രമേയാവതാരകനായ ഷാഫി പറമ്പിൽ പറഞ്ഞു. പ്രതിപക്ഷ അംഗങ്ങളെ വിമർശിക്കുന്നതിനു പകരം മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു എന്നത് അംഗീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സപ്ലൈകോയിൽ പ്രതിസന്ധി ഉണ്ടെന്നത് യാഥാർത്ഥ്യമാണെന്ന് മന്ത്രി ജി.ആർ സഭയിൽ വ്യക്തമാക്കി. എന്നാൽ ഈ പ്രതിസന്ധി കാലങ്ങളായി ഉള്ളതാണ്. യുഡിഎഫ് ഉണ്ടാക്കിയ ബാധ്യതയാണ് ഇപ്പോഴും തുടരുന്നത്. യുഡിഎഫിൻ്റെ കാലത്തെ ബാധ്യത 347 കോടി രൂപയാണെന്നും മന്ത്രി സഭയെ അറിയിച്ചു.
വിപണിയിൽ ഇടപെടുക എന്നാണ് സപ്ലൈകോയുടെ ചുമതലയെന്നും അതിൽ വകുപ്പ് പരാജയപ്പെട്ടുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കുത്തക കമ്പനികൾക്ക് വഴിയൊരുക്കാൻ സപ്ലൈകോയ്ക്ക് സർക്കാർ ദയാവധം ഒരുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭക്ഷ്യ മന്ത്രിയുടെ മറുപടി അടിസ്ഥാനത്തിൽ അടിയന്തര പ്രമേയ അവതരണത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതോടെ സഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.