ലോസ് ആഞ്ചലസ്: ഭർത്താവിനെ കുത്തിക്കൊന്നും കുട്ടികളെ ഓടുന്ന കാറിൽ നിന്നെറിഞ്ഞും യുവതി. അമേരിക്കയിലെ ലോസ് ആഞ്ചലസിലാണ് സംഭവം. 34കാരിയും സമൂഹമാധ്യമങ്ങളിൽ ജ്യോതിഷവിഷയങ്ങൾ ചെയ്യുന്ന ഇൻഫ്‌ലുവെൻസറുമായ, ഡാനിയേൽ ചെർക്കിയാഹ് ജോൺസൺ ആണ് ഭർത്താവിനെ കുത്തിക്കൊല്ലുകയും കുഞ്ഞുങ്ങളെ കാറിൽ നിന്നെറിയുകയും ചെയ്തത്.സൂര്യഗ്രഹണം ഭയന്ന് ആണ് യുവതിയുടെ കൃത്യമെന്നാണ് റിപ്പോർട്ട്.
രണ്ട് കുഞ്ഞുങ്ങളിൽ ഒരാൾ മരണത്തിന് കീഴടങ്ങുകയും ഒരാൾ ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. കുഞ്ഞുങ്ങളെ എറിഞ്ഞതിന് പിന്നാലെ യുവതി 160 കിലോമീറ്റർ വേഗതയിൽ കാർ മരത്തിലിടിപ്പിച്ച് ജീവനൊടുക്കാനും ശ്രമിച്ചു.
സൂര്യഗ്രഹണത്തെക്കുറിച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നെ തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ 'ആത്മീയ യുദ്ധം' എന്നായിരുന്നു ഡാനിയേൽ കുറിച്ചിരുന്നത്. ഗ്രഹണം ലോകാവസാനത്തിന്റെ ലക്ഷണമാണെന്ന് ഇവർ അടിയുറച്ച് വിശ്വസിച്ചിരുന്നു. ഗ്രഹണത്തിന്റെ മണിക്കൂറുകൾക്ക് മുമ്പാണ് ഇവർ ആക്രമണപരമ്പര അഴിച്ചുവിട്ടത്.
പങ്കാളിയായ ജേലൻ അലൻ ചേനിയുമായി സംഭവത്തിന് മുമ്പ് ഡാനിയേൽ തർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് പങ്കാളിയെ കുത്തിക്കൊലപ്പെടുത്തിയ ഇവർ എട്ടുമാസമുള്ള കുഞ്ഞിനെയും ഒമ്പതുവയസുള്ള കുട്ടിയേയും കൂട്ടി കാറിൽ ദേശീയപാത 405ലേക്ക് കടക്കുകയായിരുന്നു.