ന്യൂഡൽഹി: ബഹുനില കെട്ടിടത്തിന്റെ ഏഴാം നിലയിൽനിന്നു ചാടിയ യുട്യൂബർമാരായ യുവാവും യുവതിയും മരിച്ചു. ഗർവിത് സിങ് ഗ്യാരി (25), നന്ദിനി കശ്യപ് (22) എന്നിവരാണ് മരിച്ചത്. ഇരുവരും ലിവ്–ഇൻ റിലേഷൻഷിപ്പിലായിരുന്നു. സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള ഇരുവരും, നിരവധി ഷോർട്ട് ഫിലിമുകളും നിർമിച്ചിട്ടുണ്ട്.ഹരിയാനയിലെ ബഹദൂർഗഡിലാണ് നടുക്കുന്ന സംഭവം.
കുറച്ച് ദിവസങ്ങൾക്കു മുൻപാണ് ഗർവിതും നന്ദിനിയും അവരുടെ ടീമിനൊപ്പം ഡെറാഡൂണിൽനിന്നും ഹരിയാനിലെ ബഹദൂർഗഡിലേക്ക് താമസം മാറിയത്. റുഹീല റെസിഡൻസിയുടെ ഏഴാം നിലയിൽ ഒരു ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് അഞ്ച് സഹപ്രവർത്തകർക്കൊപ്പം താമസിക്കുകയായിരുന്നു.രാവിലെ ആറു മണിയോടെയാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഷൂട്ടിങ്ങിനു ശേഷം ഇന്നലെ രാത്രി വൈകിയാണ് ഇരുവരും ഫ്ലാറ്റിലെത്തിയത്. രാവിലെ ഷൂട്ടിങ് സംബന്ധിച്ച തർക്കത്തെ തുടർന്നാണ് കെട്ടിടത്തിന്റെ മുകളിൽനിന്നു ചാടിയതെന്നാണ് വിവരം.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്. ഫൊറൻസിക് സംഘവും സ്ഥലത്തെത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
RELATED ARTICLES