ന്യൂഡൽഹി: മുതിർന്ന മാവോയിസ്റ്റ് നേതാവ് അടക്കം 29 പേരെ ഛത്തിസ്ഗഢിലെ ഏറ്റുമുട്ടലിൽ വധിച്ചു. കാംഗോർ ജില്ലയിൽ ചൊവ്വാഴ്ച സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ടു സേനാംഗങ്ങൾക്കു പരുക്കേറ്റു. മുതിർന്ന നേതാവായ, തലയ്ക്ക് 25 ലക്ഷം വിലയിട്ടിരുന്ന ശങ്കർ റാവു ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു.
ഉച്ചയ്ക്ക് ഒന്നരയ്ക്കുശേഷമാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. മാവോയിസ്റ്റ് ഭീഷണി നേരിടാനായി 2008ൽ പ്രത്യേകം രൂപീകരിച്ച ഡിസ്ട്രിക്ട് റിസർവ് ഗാർഡും ബിഎസ്എഫും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലായിരുന്നു ഇന്നത്തേത്.