വിമാനത്താവളത്തിൽ അതിക്രമിച്ച് കയറി വീഡിയോ ചിത്രീകരിച്ച യൂട്യൂബർ അറസ്റ്റിൽ. 23 കാരനായ വികാസ് ഗൗഡയാണ് അറസ്റ്റിലായത്.ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു ദിവസം മുഴുവൻ ചെലവഴിച്ചെന്ന് ഇയാൾ അവകാശപ്പെട്ടിരുന്നു. ഏപ്രിൽ ഏഴിന് ഉച്ചയ്ക്ക് 12 മണിയോടെ ചെന്നൈയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന്റെ ടിക്കറ്റുമായാണ് വികാസ് വിമാനത്താവളത്തിൽ പ്രവേശിച്ചത്. എന്നാൽ ഇയാൾ മനപ്പൂർവം വിമാനത്തിൽ കയറിയില്ലെന്നും പകരം വിമാനത്താവളത്തിലെ വിവിധ ഇടങ്ങളിൽ അതിക്രമിച്ച് കയറി മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഏപ്രിൽ 12 ന് ഈ വീഡിയോ തന്റെ യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു. ഒരു ദിവസം മുഴുവൻ കെംപഗൗഡ വിമാനത്താവളത്തിൽ ചെലവഴിച്ചെന്ന രീതിയിലാണ് 1.13 ലക്ഷം സബ്സ്‌ക്രൈബർമാരുള്ള യൂട്യൂബ് ചാനലിൽ വീഡിയോ പുറത്ത് വിട്ടത്. വീഡിയോ വൈറലായതോടെയാണ് ഇത് വിമാനത്താവളത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. വിമാനത്താവളത്തിന്റെ സുരക്ഷയെക്കുറിച്ച് പൊതുജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നതായിരുന്നു യൂട്യൂബറുടെ വീഡിയോയെന്ന് പൊലീസ് പറയുന്നു. വിമാനത്തിൽ കയറുന്നതിന് പകരം എയർപോർട്ട് പരിസരത്ത് ചുറ്റിക്കറങ്ങുകയും ആറ് മണിക്കൂറോളം വിമാനത്താവളത്തിൽ ചെലവഴിക്കുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി.
വീഡിയോ റെക്കോർഡ് ചെയ്ത ശേഷം തന്‍റെ വിമാനത്തില്‍ കയറാൻ പറ്റിയില്ലെന്ന് പറഞ്ഞ് അദ്ദേഹം സ്ഥലം വിടുകയായിരുന്നു. ടിക്കറ്റും ബോർഡിങ് പാസും ഉണ്ടായിരുന്നതിനാൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതുമില്ല. പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വീഡിയോയിൽ പറയുന്ന എല്ലാ അവകാശവാദങ്ങളും അതിശയോക്തിപരമായിരുന്നെന്നുവെന്നും പൊലീസ് പറയുന്നു.വീഡിയോ വിവാദമായതോടെ പിന്നീട് അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു.സുരക്ഷാ ഉദ്യോഗസ്ഥരുടെ പരാതിയിൽ വിവിധ വകുപ്പുകൾ പ്രകാരം യൂട്യൂബർക്കെതിരെ കേസെടുത്തിട്ടുണ്ട്.ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചതായി പൊലീസ് അറിയിച്ചു.