ഗൂഡല്ലൂർ: ഊട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീക്ക് ഗുരുതര പരുക്ക്. കോട്ടയം കാഞ്ഞിരപ്പള്ളി ഈറ്റക്കുഴിയിൽ തങ്കമ്മ (65) യ്ക്കാണ് പരുക്കേറ്റത്. ഊട്ടിയിൽ വിനോദയാത്രയ്‌ക്ക് എത്തിയപ്പോഴായിരുന്നു സംഭവം. തലയ്ക്കും വാരിയെല്ലിനും പരുക്കേറ്റ ഇവരെ ഊട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോട്ടയത്തു നിന്നും മൈസൂരുവിലേക്ക് പോകുന്ന വിനോദയാത്ര സംഘത്തിലെ അംഗമാണ് ഇവർ.ശനിയാഴ്ച രാവിലെ തൊറപ്പള്ളിയിൽ വച്ച് രാവിലെ 5.30 ന് പ്രഭാതകൃത്യത്തിനായി കൂടെയുള്ളവർക്കൊപ്പംപോയി തിരിച്ചു വരുമ്പോഴാണ് ബസിനു പിറകിൽ മറഞ്ഞിരുന്ന കാട്ടാന ആക്രമിച്ചത്.
പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. നഗരത്തിൽ കാട്ടാന ഇറങ്ങിയിട്ടും വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയും ശക്തമാണ്.