ജക്കാർത്ത: ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ അഗ്‌നിപർവതത്തിലേക്ക് വീണ് ചൈനീസ് യുവതിക്ക് ദാരുണാന്ത്യം.ഹുവാങ് ലിഹോംഗ് എന്ന 31കാരിയാണ് കൊല്ലപ്പെട്ടതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 'ബ്ലൂ ഫയർ' പ്രതിഭാസത്തിന് പേരുകേട്ട ഇജെൻ അഗ്‌നിപർവതത്തിലാണ് അപകടം നടന്നത്.
നീല ജ്വാലകളാൽ പ്രശസ്തമായ ഈ . ഇന്തോനേഷ്യൻ അഗ്നിപർവതത്തിന്റെ അരികിൽ നിന്ന് ഫോട്ടോ പകർത്തുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി ഗർത്തത്തിലേക്ക് വീഴുകയായിരുന്നു. ഭർത്താവിനും ടൂറിസ്റ്റ് ഗൈഡിനുമൊപ്പമാണ് യുവതി സ്ഥലത്തെത്തിയത്. സൂര്യോദയം കാണാൻ വേണ്ടിയാണ് ഇരുവരും ഇവിടെയെത്തിയത്. 75 മീറ്റർ ഉയരത്തിൽ നിന്നാണ് ഹുവാങ് ലിഹോംഗ് വീണതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.വീഴ്ചയിലുണ്ടായ ആഘാതമാണ് മരണത്തിന് കാരണമായത്. ഏകദേശം രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് യുവതിയുടെ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെടുത്തത്.
നല്ല ഫോട്ടോ ലഭിക്കാൻ വേണ്ടി യുവതി പിന്നോട്ട് നീങ്ങുന്നതിനിടെ ധരിച്ചിരുന്ന വസ്ത്രത്തിൽ ചവിട്ടി ഗർത്തത്തിലേക്ക് വീഴുകയായിരുന്നെന്നും ടൂർ ഗൈഡ് പറയുന്നു.
സൾഫ്യൂറിക് ആസിഡ് കത്തുന്നത് മൂലമാണ് അഗ്നിപർവതത്തിൽ നിന്ന് നീല നിറത്തിലുള്ള വെളിച്ചം ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഇവിടേക്ക് നിരവധി സഞ്ചാരികളും എത്തുന്നുണ്ട്