തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്നത് വോട്ടറും വോട്ടും തന്നെയാണ്. അതുപോലെ പ്രധാന്യമുണ്ട് വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനത്തിനും. ഇപ്പോൾ നമൾ വോട്ട് രേഖപ്പെടുത്തുന്ന ഇവിഎം കേരളവുമായി ഒരു പൊക്കിൾക്കൊടി ബന്ധമുണ്ട്. അത് എന്താണെന്ന് നോക്കാം.
തെരഞ്ഞെടുപ്പായാൽ രാഷ്ട്രീയത്തിനപ്പുറംഏറ്റവും കൂടുതൽ ചർച്ചയാകുന്നത് ഇവിഎം എന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെക്കുറിച്ചാണ്. അതിൻെറ വിശ്വാസ്യത സുതാര്യത ഒക്കെ ചർച്ചക്ക് വിഷയമാകാറുണ്ട്. എന്നാൽ ഇവിഎം ഒരു സുപ്രഭാതത്തിൽ പെട്ടന്ന് തെരഞ്ഞെടുപ്പിൻ്റെ ഭാഗമായതല്ല.അതിന് നാല് പതിറ്റാണ്ടിലേറെ നീണ്ട അനുഭവത്തിന്റെ കണക്കുകൾ ഉണ്ട്.
ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പിൽ ഇവിഎം സ്ഥിരം സാന്നിധ്യമായത് 2014 മുതൽ ആണ്. 1998 നും 2001 നും ഇടയിൽ നടന്ന ഇന്ത്യൻ തിരഞ്ഞെടുപ്പുകളിൽ ഘട്ടം ഘട്ടമായിട്ടാണ് അവ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.
1999 ൽ ഗോവൻ നിയമ സഭയിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിൽ ഇവിഎം ഉപയോഗിച്ചു. ഏറ്റവും പ്രധാനപെട്ട കാര്യം ഇതിനൊക്കെയും തുടക്കം കുറിച്ചത് കേരളം ആണ് എന്നതാണ്.വർഷം - 1982- രംഗം എറണാംകുളം ജില്ലയിലെ നോർത്ത് പറവൂരിലെ ഉപതെരഞ്ഞെടുപ്പ്. 56 ബൂത്തുകളിലാണ് അന്ന് ഇ വി എം ഉപയോഗിച്ചത്. പക്ഷെ തുടക്കം അത്ര സുഖമുള്ളതായിരുന്നില്ല.
ഈ തെരഞ്ഞെടുപ്പ് വലിയ വിവാദങ്ങൾക്ക് കാരണമായി, ഒടുക്കം കോടതിയിൽ വരെയെത്തി. വോട്ടിംഗ് യന്ത്രം ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പിന് സാധുതയില്ലെന്ന് സുപ്രീം കോടതി വിധിച്ചു.
തുടര്‍ന്ന് വോട്ടിംങ് യന്ത്രം ഉപയോഗിച്ച് നടത്തിയ ബൂത്തുകളിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദു ചെയ്ത് അവിടെ ബാലറ്റ് പേപ്പറിലൂടെ വോട്ടെടുപ്പ് നടത്തി.പിന്നീട് തെരഞ്ഞെടുപ്പില്‍ വോട്ടിംങ് യന്ത്രം ഉപയോഗിക്കാമെന്നുള്ള നിയമ ഭേദഗതി സര്‍ക്കാര്‍ കൊണ്ടു വന്നു. 2001 മുതല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിക്കാന്‍ തുടങ്ങി.