Share this Article
ചൂടിലും ആവേശം ചോരാതെ വോട്ടെടുപ്പ്; ബൂത്തുകളിൽ നീണ്ടനിര; പോളിങ് 50 ശതമാനം കടന്നു
വെബ് ടീം
posted on 26-04-2024
22 min read
kerala-20-20/lok-sabha-election-2024-phase-2

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉച്ചവരെ മികച്ച പോളിംഗ്. പൊള്ളുന്ന ചൂട് വക വയ്ക്കാതെ ബൂത്തുകളിൽ നീണ്ട ക്യൂ ആണിപ്പോഴും. സംസ്ഥാനത്തെ പോളിങ് 50 ശതമാനം കടന്നു. 3 മണി വരെ സംസ്ഥാനത്ത് 50 ശതമാനം വരെ രേഖപ്പെടുത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്ക്.

രാവിലെ ഏഴുമുതല്‍ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയായിരുന്നു. കടുത്ത ചൂട് കാരണം പലരും രാവിലെ തന്നെയെത്തി വോട്ട് രേഖപ്പെടുത്താന്‍ തീരുമാനിച്ചതോടെ പല ബൂത്തുകളിലും തിരക്ക് കൂടി. ഉച്ചയോടെ പോളിങ് അല്പം മന്ദഗതിയിലാകുമെന്നാണ് സൂചന.

നഗര മേഖലകളിൽ ഇത്തവണ മികച്ച പോളിംഗ് രാവിലെ രേഖപ്പെടുത്തി. ആലപ്പുഴ മണ്ഡലത്തിലാണ് കൂടുതൽ വോട്ടിംഗ് ശതമാനം. പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും താരങ്ങളും രാവിലെ വോട്ട് രേഖപ്പെടുത്താനെത്തി.

മണ്ഡലം തിരിച്ച് പോളിംഗ് ശതമാനം:

കേരളം - 50%

മണ്ഡലങ്ങൾ:

തിരുവനന്തപുരം-48.56%

ആറ്റിങ്ങൽ-51.35%

കൊല്ലം-48.79%

പത്തനംതിട്ട-48.40%

മാവേലിക്കര-48.82%

ആലപ്പുഴ-52.41%

കോട്ടയം-49.85%

ഇടുക്കി-49.06%

എറണാകുളം-49.20%

ചാലക്കുടി-51.95%

തൃശൂർ-50.96%

പാലക്കാട്-51.87%

ആലത്തൂർ-50.69%

പൊന്നാനി-45.29%

മലപ്പുറം-48.27%

കോഴിക്കോട്-49.91%

വയനാട്-51.62%

വടകര-49.75%

കണ്ണൂർ-52.51%

കാസർഗോഡ്-51.42%

കുന്നത്തുനാട് മണ്ഡലത്തിലെ തിരുവാണിയൂരിൽ വോട്ടിംഗ് വൈകുന്നതിൽ പ്രതിഷേധം.


വോട്ടെടുപ്പിന്‍റെ ആദ്യ മണിക്കൂറുകളില്‍ തന്നെ താരങ്ങളും പോളിങ് ബൂത്തുകളിലെത്തി സമ്മതിദാന അവകാശം വിനിയോഗിച്ചു.ശരിയായ ആളെ തെരഞ്ഞെടുക്കാന്‍ എല്ലാവരും വോട്ടുചെയ്യണമെന്ന് ടൊവിനൊ തോമസ് പറഞ്ഞു.

മികച്ച രാഷ്ട്രീയ കാലാവസ്ഥയ്ക്കായി വോട്ടു ചെയ്യണമെന്ന് ആസിഫ് അലി ആഹ്വനം ചെയ്തു. മാറ്റത്തിനായി വോട്ടുചെയ്യണമെന്ന് നടി അന്ന രാജന്‍ പ്രതികരിച്ചു. കുടുംബത്തോടെ എത്തിയാണ് അഹാന കൃഷ്ണകുമാര്‍ വോട്ട് ചെയ്തത്. ഹരിശ്രീ അശോകന്‍ എറണാകുളത്തും ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ആലപ്പുഴയിലും ശ്രീനിവാസന്‍ കണ്ണൂരിലും സത്യന്‍ അന്തിക്കാട് തൃശ്ശൂരിലും ഷാജി കൈലാസും കുടുംബവും തിരുവനന്തപുരത്തും ജോയ് മാത്യു കോഴിക്കോടും വോട്ട് രേഖപ്പെടുത്തി. 

വോട്ടെടുപ്പ് 6 മണിക്കൂര്‍ പിന്നിടുമ്പോൾ സംസ്ഥാനത്ത്  3 കള്ളവോട്ട് പരാതികളുയർന്നു. പത്തനംതിട്ടയിലെ അടൂരും മലപ്പുറത്തെ പെരിന്തല്‍മണ്ണയിലും ആറ്റിങ്ങൽ മണ്ഡലത്തിലെ പോത്തന്‍കോടുമാണ് കള്ള വോട്ട് ആരോപണങ്ങള്‍ ഉയർന്നത്.

കളളവോട്ടും പോളിങ് ക്രമക്കേടുകളും തടയാൻ എല്ലാ ബൂത്തുകളിലും ലൈവ് വെബ് കാസ്റ്റിങ് ഉളളത് കണ്ണൂരിലാണ്. രാജ്യത്ത് തന്നെ ഏറ്റവും വിപുലമായ സംവിധാനമാണിത്. ബൂത്തുകളിൽ സ്ഥാപിച്ചിരിക്കുന്ന ഫോർ ജി ക്യാമറകളിലൂടെയുളള ദൃശ്യങ്ങൾ കളക്ടറേറ്റിൽ നിരീക്ഷിക്കുകയാണ്. ഉച്ചവരെ ക്രമസമാധാന പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വരണാധികാരി കൂടിയായ കളക്ടർ അരുൺ കെ വിജയൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കോഴിക്കോട് എലത്തൂര്‍ എടക്കാട് രണ്ട് ബൂത്തുകളിലെ വോട്ടിംഗ് മിഷനില്‍ ക്രമക്കേടുണ്ടന്ന പരാതി വസ്തുതാ വിരുദ്ധമെന്ന് ജില്ലാകളക്ടര്‍. മണ്ഡലത്തിലെ പതിനേഴാം നമ്പര്‍ ബൂത്തില്‍ ഒരു ചിഹ്നത്തില്‍ ചെയ്ത വോട്ട് മറ്റൊരു ചിഹ്നത്തില്‍ പതിയുന്നു എന്നായിരുന്നു പരാതി. തുടര്‍ന്ന് നടത്തിയ ടെസ്റ്റ് വോട്ടിലാണ് പരാതി തെറ്റെന്ന് തെളിഞ്ഞത്. പരാതി ഉന്നയിച്ച വെള്ളേരി താഴത്ത് അനിൽ കുമാറിനെ പ്രിസൈഡിങ് ഓഫീസറുടെ പരാതിയിൽ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories