ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിനെതിരെയുളള കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പരാമർശം വിവാദത്തിൽ. സോണിയാഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ രംഗത്തെത്തിയതോടൊപ്പം ഇപ്പോൾ പരാമർശത്തിൽ അതൃപ്തി വ്യക്തമാക്കി രാഷ്ട്രപതി ഭവൻ പ്രസ്താവന ഇറക്കി. സോണിയ ഗാന്ധിയുടെ പരാമർശം മോശം ഉദ്ദേശ്യത്തോടുകൂടിയുളളതാണ്. ഉന്നത പദവിയുടെ അന്തസ്സിനെ വ്രണപ്പെടുത്തുന്ന പരാമർശമാണ് കോൺഗ്രസ് നേതാവിൽ നിന്നുണ്ടായത്. കർഷകർക്കും പാവപ്പെട്ടവർക്കും സ്ത്രീകൾക്കും വേണ്ടി സംസാരിക്കുമ്പോൾ ക്ഷീണിക്കുന്ന വ്യക്തിയല്ല രാഷ്ട്രപതിയെന്നും രാഷ്ട്രപതി ഭവൻ പറഞ്ഞു.രാഷ്ട്രപതിയുടെ പദവിയെ വ്രണപ്പെടുത്തുന്ന പരാമർശം സോണിയ ഗാന്ധി ഒഴിവാക്കേണ്ടതായിരുന്നു. സോണിയ ഗാന്ധിയുടെ പരാമർശം അംഗീകരിക്കാനാകില്ല. നയപ്രഖ്യാപന പ്രസംഗം വായിച്ച് രാഷ്ട്രപതി ക്ഷീണിതയായിട്ടില്ലെന്നും രാഷ്ട്രപതി ഭവനിറക്കിയ പ്രസ്താവനയിൽ പറയുന്നു.കേന്ദ്ര ബജറ്റിന്റെ ഭാഗമായി രാഷ്ട്രപതി ഇരുസഭകളേയും അഭിസംബോധന ചെയ്ത് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തെ കുറിച്ചായിരുന്നു സോണിയ ഗാന്ധിയുടെ പരാമർശം. 'നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാനത്തോടെ രാഷ്ട്രപതി ക്ഷീണിച്ചു, സംസാരിക്കാൻ പറ്റാത്ത നിലയിലേക്ക് എത്തി, പാവം', എന്നായിരുന്നു സോണിയ ഗാന്ധി പറഞ്ഞത്. രാഷ്ട്രപതിയുടെ പ്രസംഗത്തെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോഴായിരുന്നു സോണിയ ഇത്തരത്തിൽ പറഞ്ഞത്.രാഷ്ട്രപതിയെ സോണിയാഗാന്ധി അപാനിച്ചുവെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ ആരോപിച്ചു. കോൺഗ്രസിന്റെ വരേണ്യ സ്വഭാവമാണിത്. പാവങ്ങളോടും ആദിവാസി വിഭാഗങ്ങളോടുമുളള നിഷേധ മനോഭാവത്തിന്റെ ഭാഗമാണ് സോണിയയുടെ പരാമർശം. സോണിയ ഗാന്ധി മാപ്പ് പറയണമെന്നും ബിജെപി അദ്ധ്യക്ഷൻ ആവശ്യപ്പെട്ടു. സോണിയയുടേത് വരേണ്യ പരാമർശമാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജുവും വിമർശിച്ചു. 'നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാനത്തോടെ രാഷ്ട്രപതി ക്ഷീണിച്ചു, സംസാരിക്കാൻ പറ്റാത്ത നിലയിലേക്ക് എത്തി, പാവം' എന്നായിരുന്നു സോണിയ ഗാന്ധി പറഞ്ഞത്.