തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന്‍റെ ഭാഗമായി ടൗൺഷിപ്പിൽ ഒരു വീട് നിർമിക്കാനുള്ള സ്പോൺസർഷിപ്പ് തുക 20 ലക്ഷം രൂപ. വ‍്യാഴാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. നേരത്തെ ഒരു വീടിന്‍റെ നിർമാണത്തിനായി 25 ലക്ഷം രൂപയാണ് കണക്കാക്കിയിരുന്നത്. ഇതിലാണ് ഇപ്പോൾ മാറ്റം വരുത്തി 20 ലക്ഷം രൂപ ആക്കിയിരിക്കുന്നത്.ഒരു കുടുംബത്തിന് 7 സെന്‍റ് ഭൂമിയിലായിരിക്കും വീട് നിർമിക്കുന്നത്. ടൗൺഷിപ്പിനായി എൽസ്റ്റൺ എസ്റ്റേറ്റ് മാത്രം ഏറ്റെടുക്കാനാണ് തീരുമാനമായത്. റസിഡൻഷ‍്യൽ യൂണിറ്റായി ലഭിച്ച ഭൂമിയും വീടും 12 വർഷത്തേക്ക് അന‍്യാധീനപ്പെടുത്താൻ പാടില്ലെന്നും നിബന്ധനയുണ്ട്. അതേസമയം ദുരന്തബാധിതർക്ക് നിലവിൽ അനുവദിച്ചിട്ടുള്ള 300 രൂപ ബത്ത തുടർന്നും അനുവദിക്കും. ദുരന്തബാധിത കുടുംബങ്ങൾക്ക് സപ്ലൈക്കോ വഴി മാസം 1000 രൂപയുടെ സാധനങ്ങൾ വാങ്ങാനാവുന്ന കൂപ്പൺ സിഎസ്ആർ ഫണ്ടിൽ നിന്നും നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.