കൊച്ചി: ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്. പദ്ധതിയുടെ പേരില്‍ പണം പിരിച്ചെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്. എഡിജിപി എം ആര്‍ അജിത് കുമാറാണ് മുദ്ര വെച്ച കവറില്‍ കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.പൊലീസിന്റെ റിപ്പോര്‍ട്ടില്‍ കോടതി നടുക്കം രേഖപ്പെടുത്തി. റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. പുണ്യം പൂങ്കാവനം പദ്ധതിയുടെ പേരില്‍ ഭക്തര്‍ വഞ്ചിക്കപ്പെടരുതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
2011ലാണ് പുണ്യം പൂങ്കാവനം പദ്ധതി ആരംഭിച്ചത്. സന്നിധാനത്തെ ശുചീകരണ യജ്ഞവും ബോധവൽക്കരണവുമായിരുന്നു പദ്ധതിയിലൂടെ നടപ്പാക്കിയിരുന്നത്. പൊലീസിനൊപ്പം മറ്റു സർക്കാർ വകുപ്പുകളും പദ്ധതിയിൽ കൈ കോർത്തിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി പദ്ധതി നിർത്തിവെച്ചിരിക്കുകയായിരുന്നു.