കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവ ഗാന വിവാദത്തിൽ ഗായകൻ അലോഷി ആദത്തിനെതിരെ കേസ്. കേസിൽ ഒന്നാം പ്രതിയാണ് അലോഷി. ക്ഷേത്ര ഉപദേശക സമിതിയിലെ രണ്ട് പേരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അനിൽകുമാറിന്റെ പരാതിയിലാണ് കടയ്ക്കല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. മത സ്ഥാപനങ്ങൾ ( ദുരുപയോഗം തടയൽ) നിയമത്തിലെ 3,5,6,7 വകുപ്പുകൾ പ്രകാരമാണ് കേസ്.
വിപ്ലവഗാന വിവാദത്തിൽ ക്ഷേത്ര ഉപദേശക സമിതിയെ ഹൈക്കോടതി ഇന്ന് രൂക്ഷമായി വിമർശിച്ചിരുന്നു. ഗാനമേളയ്ക്ക് എത്ര തുക ചെലവഴിച്ചുവെന്നും, എങ്ങനെയാണ് പിരിച്ചത് എന്നറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വിപ്ലവഗാനം പാടിയത് ലാഘവത്തോടെ കാണാനാകില്ല. അമ്പല പറമ്പിൽ നടന്നത് അനുവദിക്കാനാവാത്ത കാര്യങ്ങളാണ്. പൊലീസ് കേസെടുക്കേണ്ടതായിരുന്നു എന്നും കോടതി അറിയിച്ചു. സ്റ്റേജിന് മുന്നിൽ കുപ്പിയും മറ്റും പൊക്കിപ്പിടിച്ച് യുവാക്കൾ നൃത്തം വെച്ചു. ഇവരെ വിശ്വാസികൾ എന്ന് വിളിക്കാനാകുമോയെന്ന് കോടതി ചോദിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റാകാൻ, 19 കേസ് ഉള്ള വ്യക്തിയെ എങ്ങനെ പരിഗണിച്ചുവെന്നും കോടതി ചോദ്യമുന്നയിച്ചു.
ഡിവൈഎഫ്ഐ പതാക മാത്രമല്ല, , സിപിഐഎം ചിഹ്നവും സ്റ്റേജിൽ കാണിച്ചിരുന്നു എന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ട് നൽകി. ഇതിൻ്റെ ചാനൽ ദൃശ്യങ്ങളും സ്ക്രീൻ ഷോട്ടുകളും കോടതി പരിശോധിച്ചു.ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ ബോർഡ് സർക്കുലർ ഇറക്കണമെന്നും കോടതി നിർദേശം നൽകി.