Share this Article
Union Budget
എട്ട് നായ്ക്കളും 16 സി.സി.ടി.വി ക്യാമറയുമുള്ള വീട്ടിൽ നിന്ന് ഒരുകിലോ സ്വർണം കവർന്നു
വെബ് ടീം
posted on 02-04-2025
1 min read
BURGLARY

മംഗളൂരു: നിരവധി സിസി ടിവി ക്യാമറകളും എട്ടു നായ്ക്കളും ഉള്ള വീട്ടിൽ അതിക്രമിച്ചു കയറിയ കള്ളന്മാർ ലോക്കറിൽ നിന്ന് ഏകദേശം ഒരു കിലോ സ്വർണ്ണാഭരണങ്ങൾ കവർന്നു. ദക്ഷിണ കന്നട ജില്ലയിലെ പെർമുദെ ടൗണിലാണ് സംഭവം. ജാൻവിൻ പിന്റോയുടേതാണ് കവർച്ച നടന്ന വീട്. അദ്ദേഹത്തിന്റെ മകൻ പ്രവീൺ പിന്റോ നിലവിൽ കുവൈറ്റിലാണ്.

വീട്ടിൽ ആരുമില്ലാത്തതിനാൽ നിരീക്ഷണത്തിന് 16 സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിരുന്നു. കാമറ ഫോക്കസ് ഇല്ലാത്തിടം വഴിയാണ് മോഷ്ടാവ് വീട്ടുപറമ്പിൽ എത്തിയത്. തുടർന്ന് ക്യാമറ ആംഗിളുകൾ മാറ്റിയ ശേഷം ഒരു ജനലിന്റെ ഇരുമ്പഴി തകർത്ത് അകത്ത് കടക്കുകയായിരുന്നു. മുധോൾ, ജർമ്മൻ ഷെപ്പേർഡ് ഇനങ്ങൾ ഉൾപ്പെടെ എട്ട് വളർത്തുനായ്ക്കളും ഇവിടെ സുരക്ഷക്കായി വളർത്തുന്നുണ്ട്. താക്കോൽ ഉപയോഗിച്ചാണ് ലോക്കർ തുറന്നത്.സ്വർണാഭരണങ്ങളും വിലകൂടിയ വാച്ചുകളും മോഷ്ടിച്ചു.

നായ്ക്കൾക്ക് ഭക്ഷണം കൊടുക്കാൻ പതിവായി വീട്ടിലെത്താറുള്ള രണ്ട് തൊഴിലാളികളാണ് മോഷണം നടന്നതായി കണ്ടെത്തിയത്. അവർ ഉടൻ കുവൈറ്റിലെ ഉടമകളെ വിവരമറിയിച്ചു.ഇതേത്തുടർന്ന് അസി. പൊലീസ് കമ്മീഷണർ കെ. ശ്രീകാന്ത്, ഇൻസ്പെക്ടർ സന്ദീപ്, വിരലടയാള വിദഗ്ധർ, പൊലീസ് നായ്ക്കൾ എന്നിവർ സ്ഥലം പരിശോധിച്ചു. കുവൈറ്റിൽ നിന്ന് ഉടമകൾ എത്തിയാൽ മാത്രമേ മോഷ്ടിച്ച വിലപിടിപ്പുള്ള വസ്തുക്കളുടെ കൃത്യമായ വിവരങ്ങൾ സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories