ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളനിയമസഭ പ്രമേയം പാസാക്കിയതിനെതിരെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വിമർശനം. വഖഫ് ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയിലാണ് സുരേഷ് ഗോപി കേരള നിയമസഭയുടെ പ്രമേയത്തെ രൂക്ഷമായി വിമര്‍ശിച്ചത്. വഖഫ് നിയമഭേദഗതി യാഥാർഥ്യമാകുന്നതോടെ കേരളനിയമസഭയില്‍ പാസ്സാക്കിയ പ്രമേയം അറബിക്കടലില്‍ മുങ്ങിപ്പോകുമെന്ന് സുരേഷ് ഗോപി പറഞ്ഞു.വഖഫ് ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ സിപിഐഎം എംപി കെ. രാധാകൃഷ്ണന്റെ പ്രസംഗത്തിനിടെ സുരേഷ് ഗോപിയുടെ പേരും പറഞ്ഞിരുന്നു.
രാധാകൃഷ്ണന്‍റെ പ്രസംഗത്തിനു ശേഷം, ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചെയറിലുണ്ടായിരുന്ന ദിലീപ് സൈകിയ സുരേഷ് ഗോപിയോട് ആരാഞ്ഞു. തുടര്‍ന്നാണ് വഖഫ് ഭേദഗതി ബില്ലിനെതിരേ കേരള നിയമസഭ പ്രമേയം പാസാക്കിയത് ചൂണ്ടിക്കാട്ടി സുരേഷ് ഗോപി സംസാരിച്ചത്.കെ. രാധാകൃഷ്ണന്‍ മലയാളത്തിലാണ് വഖഫ് ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ ലോക്സഭയില്‍ സംസാരിച്ചത്. തന്റെ പ്രസംഗത്തില്‍ 1987-ല്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട് നടന്ന സമരത്തെക്കുറിച്ച് പറയുന്നതിനിടെയാണ് കെ.രാധാകൃഷ്ണന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി സഭയിലിരുന്ന് ഇത് കേൾക്കുന്നുണ്ടെന്ന് സൂചിപ്പിച്ചത്.