പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തൃശ്ശൂരിലെത്തും..ലോകസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, മോദിയുടെ വാക്കുകൾക്കായി ആകാംഷയോടെയാണ് നാട് കാത്തിരിക്കുന്നത്. രണ്ട് ലക്ഷം വനിതകൾ അണിനിരക്കുന്ന ബി.ജെ.പിയുടെ ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാനാണ് നരേന്ദ്രമോദി തൃശ്ശൂരില്‍ എത്തുന്നത്..റോഡ് ഷോയും , പൊതുസമ്മേളനവുമടക്കം രണ്ടര മണിക്കൂറോളം പ്രധാനമന്ത്രി തൃശൂരിൽ ചിലവഴിക്കും.
ഉച്ചക്ക് രണ്ടിന് ഹെലികോപ്റ്ററിൽ കുട്ടനെല്ലൂർ ഹെലിപ്പാഡിലെത്തുന്ന പ്രധാനമന്ത്രി അവിടെ നിന്ന് റോഡ് മാർഗമാണ് തൃശൂരിലേക്കെത്തുക. ഹെലിപാഡിൽ കലക്ടർ, മേയർ, ജില്ലാ പൊലീസ് മേധാവി എന്നിവർ ഉൾപ്പെടെയുള്ളവർ ചേർന്ന് സ്വീകരിക്കും. ഇന്നലെ യാത്രയുടെ ട്രയൽ റൺ നടന്നു. ബി.ജെ.പിയുടെ നേതൃത്വത്തിൽ കുട്ടനെല്ലൂരിലും, ജില്ലാ ജനറൽ ആശുപത്രിക്കു സമീപവും സ്വീകരണമൊരുക്കിയിട്ടുണ്ട്. സ്വരാജ് റൗണ്ടിലെത്തുന്നതുമുതൽ നായ്ക്കനാലിലെ സമ്മേളന വേദിയിലേക്കുള്ള ഒന്നേകാൽ കിലോമീറ്ററാണ് റോഡ് ഷോ.ഇതിന് ശേഷമാണ് പൊതുസമ്മേളനം.
കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളും അണിനിരക്കുന്ന വേദിയിൽ സുരേഷ് ഗോപിയും പങ്കെടുക്കുന്നുണ്ട്. ബീനാ കണ്ണൻ, ഡോ.എം.എസ് സുനിൽ, വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമൻ, മറിയക്കുട്ടി, മിന്നു മണി, നടി ശോഭന എന്നിവർ മോദിയോടൊപ്പം വേദി പങ്കിടും. സന്ദര്‍ശനത്തോടനുബന്ധിച്ച് രാവിലെ 11 മുതൽ സ്വരാജ് റൗണ്ടിലും പരിസരപ്രദേശത്തും ഗതാഗത നിയന്ത്രണമുണ്ട്. സന്ദർശനത്തിൻെറ ഭാഗമായി നഗരമാകെ കനത്ത സുരക്ഷയിലാണ്. സിറ്റി കമ്മീഷ്ണര്‍ അങ്കിത്ത് അശോകിന്‍റെ നേതൃത്വത്തില്‍ 3,000ത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്.ക്രമസമാധാന പാലന ചുമതലയുളള എ.ഡി.ജി.പി എം.ആർ. അജിത് കുമാർ, ഉത്തര മേഖല ഐ.ജി കെ. സേതുരാമൻ, തൃശൂർ മേഖല ഡി.ഐ.ജി എസ്. അജീതാ ബീഗം ഉൾപെടെയുളള മുതിർന്ന പൊലീസുദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.