അദാനി-ഹിന്‍ഡന്‍ബര്‍ഗ് കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ കോടതി മേല്‍നോട്ടത്തിലുള്ള സമിതി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളിലാണ് വിധി പറയുക. അദാനി ഗ്രൂപ്പിനെതിരെ യുഎസ് ആസ്ഥാനമായുള്ള ഷോര്‍ട്ട് സെല്ലിങ് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉന്നയിച്ച ആരോപണങ്ങളില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നുള്ള ഹര്‍ജികളിലാണ് വിധി പറയുക. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് കേസ് വിധി പറയാനായി മാറ്റിയത്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അദാനി ഗ്രൂപ്പിന്റെ സെക്യൂരിറ്റീസ് നിയമ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ മാര്‍ച്ചില്‍ സുപ്രീം കോടതി സെബിയോട് നിര്‍ദ്ദേശിച്ചിരുന്നു. മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എഎം സപ്രെയുടെ നേതൃത്വത്തില്‍ ആറ് അംഗങ്ങള്‍ അടങ്ങുന്ന ഒരു വിദഗ്ധ സമിതിയും കോടതി രൂപീകരിച്ചിരുന്നു. എന്നാല്‍ നേരത്തെ സെബിക്കെതിരായ ആരോപണങ്ങളില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അന്വേഷണത്തിലെ കാലതമാസം നേരിടുന്നത് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് അതൃപ്തി പ്രകടിപ്പിച്ചത്.
സിബി ഒരു സ്വതന്ത്ര്യ സംവിധാനമാണെന്നും ഓഹരി വിപണിയിലെ കൃത്രിമങ്ങളില്‍ അന്വേഷണം നടത്താന്‍ അധികാരമുള്ള സ്ഥാപനമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. കൃത്യമായ തെളിവുകളില്ലാതെ സെബിയെ അവിശ്വസിച്ച് പ്രത്യേക അന്വേഷണ സംഘത്തെ തങ്ങള്‍ എങ്ങനെ നിയമിക്കുമെന്നായിരുന്നു ഡിവൈ ചന്ദ്രചൂഡ് ചോദിച്ചത്. കേന്ദ്രസര്‍ക്കാരിനും അദാനി ഗ്രൂപ്പിനും ഒരുപോലെ നിര്‍ണായകമാണ് ഇന്നത്തെ സുപ്രീംകോടതി ഉത്തരവ്.