വൈ.എസ് ശര്‍മിള കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് അഗത്വം നല്‍കിയത്. കോണ്‍ഗ്രസ്സില്‍ ചേര്‍ന്നതില്‍ അതീവ സന്തോഷവതിയാണെന്നും ശര്‍മിള പ്രതികരിച്ചു. ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് മല്ലികാര്‍ജുന ഖാര്‍ഗെയില്‍ നിന്നാണ് ശര്‍മ്മിള അംഗത്വം സ്വീകരിച്ചത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനോടടുപ്പിച്ചാണ് കോണ്‍ഗ്രസിനൊപ്പം ചേരാനുള്ള ശര്‍മ്മിളയുടെ തീരുമാനം. തന്റെ പിതാവ് വെ എസ് രാജശേഖരറെഡ്ഡി കോണ്‍ഗ്രസ്സിന് വേണ്ടി ധാരാളം ത്യാഗങ്ങള്‍ സഹിച്ചയാളാണെന്നും, കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന തന്റെ തീരുമാനത്തില്‍ അദ്ദേഹം സന്തോഷിക്കുന്നുണ്ടാകുമെന്നും ശര്‍മ്മിള പ്രതികരിച്ചു.
വൈ എസ് ആര്‍ തെലങ്കാന പാര്‍ട്ടിയും കോണ്‍ഗ്രസ്സിലും ലയിച്ചു. 2021 ലാണ് വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി രൂപീകൃതമാകുന്നത്. കഴിഞ്ഞ മാസം നടന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രത്യക്ഷമായിട്ടല്ലെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസിന് പിന്തുണയറിയിച്ചിരുന്നു. ശര്‍മിളക്കൊപ്പം വൈ എസ് രാജശേഖരറെഡ്ഡിയുടെ ഭാര്യ വൈ എസ് വിജയമ്മയും കോണ്‍ഗ്രസ്സില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. വൈഎസ് ശര്‍മ്മിളയുടെ വരവോടെ ആന്ധ്രയിലും ചലനങ്ങളുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.