Share this Article
ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി കെസിബിസി
KCBC criticizes BJP

ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെസിസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍. ക്രൈസ്തവര്‍ക്കെതിരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വ്യാപക അക്രമങ്ങള്‍ നടക്കുന്നതായി ഫാദര്‍ ജേക്കബ്ബ് പാലയ്ക്കാപിള്ളി ദീപികയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. ക്രൈസ്തവ സമൂഹത്തെ ബിജെപിയോട് അടുപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുമ്പോഴാണ് ഈ നീക്കങ്ങളുടെ ഉദ്ദേശ്യ ശുദ്ധി കെസിബിസി ചോദ്യം ചെയ്യുന്നത്.

ആള്‍ക്കൂട്ട ആക്രമണങ്ങള്‍, കള്ളക്കേസുകളില്‍ പെടുത്തല്‍, ദേവാലയങ്ങള്‍ നശിപ്പിക്കല്‍, ആരാധനയും വേദോപദേശ ക്ലാസുകളും തടസപ്പെടുത്തല്‍ എന്നിങ്ങനെയുള്ള അതിക്രമങ്ങള്‍ വ്യാപകമായി നടക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്ന് ലേഖനത്തില്‍ പറയുന്നു. ക്രിസ്മസിന് പ്രധാനമന്ത്രി സഭാ അധ്യക്ഷര്‍ക്കായി വിരുന്നൊരുക്കിയ സാഹചര്യം ഫാദര്‍ പാലയ്ക്കാപ്പിള്ളി വിശകലനം ചെയ്യുന്നുണ്ട്. 

ക്രൈസ്തവരെയും ക്രൈസ്തവ സ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തുകയും തുടര്‍ച്ചയായി നിയമങ്ങള്‍ ദുരുപയോഗിച്ച് കെണികളില്‍ അകപ്പെടുത്തുകയും ചെയ്യുന്നത് ബിജെപിയുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്യുന്നു എന്നാണ് വിമര്‍ശനം. ഒരു വശത്ത് വിരുന്നൊരുക്കുമ്പോള്‍ സംഘപരിവാര്‍ പ്രസിദ്ധീകരണങ്ങള്‍ ക്രിസ്മസിനെ അവഹേളിക്കുകയാണ്.

മണിപ്പൂരില്‍ ക്രൈസ്തവരെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളാണ് നടപ്പിലാക്കിയതെന്ന് ലേഖനം നിരീക്ഷിക്കുന്നു. ബാലാവകാശ കമ്മീഷനെ ഉപയോഗിച്ച് വേട്ടയാടുന്നുവെന്ന വിമര്‍ശനവുമുണ്ട്. വിവിധ ബിജെപി സര്‍ക്കാരുകള്‍ നടപ്പാക്കിയ മതപരിവര്‍ത്തന നിരോധന നിയമം വ്യാപകമായി ദുരുപയോഗിക്കപ്പെടുകയാണ്. ഇതുമൂലം ഒട്ടേറെ നിരപരാധികള്‍ കേസുകളില്‍ അകപ്പെടുകയാണെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലിന്റെ ലേഖനത്തില്‍ പറയുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories