ഇന്ത്യയ്‌ക്കെതിരെ പരോക്ഷവിമര്‍ശനവുമായി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. മുയിസുവിന്റെ പ്രസ്താവനയോടെ ഇന്ത്യ മാലിദ്വീപ് നയതന്ത്രപ്രശ്‌നം പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. ചെറുരാജ്യമാണെങ്കിലും മാലിദ്വീപിനെ ഭീഷണിപ്പെടുത്താനോ പരിഹസിക്കാനോ ഉള്ള അനുമതി അല്ല അതെന്നായിരുന്നു മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പ്രസ്താവന. അഞ്ച് ദിവസത്തെ ചൈന സന്ദര്‍ശനത്തിന് ശേഷമാണ് മുയിസു പ്രസ്താവന നടത്തിയത്.
ഇന്ത്യക്കെതിരായ പ്രസ്താവനയില്‍ ആടിയുലഞ്ഞ ഇന്ത്യ മാലിദ്വീപ് നയതന്ത്രബന്ധത്തില്‍ ഏറ്റവുമൊടുവിലായി ഇന്ത്യക്കെതിരെ ഉണ്ടായ ഒളിയമ്പാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ മൂന്ന് മന്ത്രിമാരെ മാലിദ്വീപ് പുറത്താക്കിയിരുന്നു. ഇതേ തുടര്‍ന്ന് മാലിദ്വീപിനെതിരെ കടുത്ത ഭാഷയിലാണ് ഇന്ത്യ പ്രതികരിച്ചത്. മാലിദ്വീപിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ബാഹ്യ ഇടപെടലുകളെ ശക്തമായി എതിര്‍ക്കുന്നതായി ചൈന പ്രതികരിച്ചിരുന്നു.
ദ്വീപ് രാഷ്ട്രത്തിന് പരമാധികാരമുണ്ടെന്നും രാജ്യത്തിന്റെ സ്വാതന്ത്രത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്നതായും ചൈന വ്യക്തമാക്കിയിരുന്നു. ഇതിന് ചുവടുപിടിച്ചാണ് മുയിസുവിന്റെ പ്രതികരണം. കോവിഡിന് മുന്‍പ് ചൈനയായിരുന്നു മാലിദ്വീപിന്റെ വിപണിയില്‍ ഒന്നാം സ്ഥാനത്തെന്നും ദ്വീപിലേക്ക് കൂടുതല്‍ സഞ്ചാരികളെ അയച്ച് ആ സ്ഥാനം തിരികെ പിടിക്കണമെന്നും മാലിദ്വീപ് ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഇന്ത്യയയുമായുളള അകല്‍ച്ച തന്ത്രപരമായി മുതലെടുക്കുകയാണ് ചൈന. ഇന്ത്യയുമായുള്ള പതിവ് കീഴ് വഴക്കങ്ങളും ലംഘിച്ചാണ് മുയിസു അധികാരത്തില്‍ ഏറിയതു മുതല്‍ തുടരുന്നതും.