യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെ മൂന്ന് കേസുകളിൽ കൂടി അറസ്റ്റ് ചെയ്ത് പോലീസ്. സെക്രട്ടേറിയേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിലും ഡിജിപി ഓഫീസ് മാർച്ചിലെ സംഘർഷത്തിലുമാണ് അറസ്റ്റ് ചെയ്തത്. പിന്നാലെ പുതുതായി എടുത്ത രണ്ട് കേസുകളിൽ ജാമ്യം ലഭിച്ചു.
അനുമതിയില്ലാത്ത സമരം, പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവ്വഹണത്തിൽ തടസം വരുത്തൽ തുടങ്ങിയ വകുപ്പുകളാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെതിരെ ചുമത്തിയിട്ടുളളത്. സെക്രട്ടേറിയറ്റിന് മുന്നിലെ സമരവുമായി ബന്ധപ്പെട്ട് രാഹുൽ തിരുവനന്തപുരത്തെ ജില്ലാ ജയിലിൽ തുടരുന്നതിനിടെയാണ് പുതിയ മൂന്ന് കേസുകൾ കൂടി ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. കന്റോൺമെന്റ് പോലീസും മ്യൂസിയം പോലീസുമാണ് രാഹുലിനെതിരെ പുതിയ കേസുകൾ ചുമത്തിയത്. രാഹുലിന്റെ ജാമ്യഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് പുതിയ അറസ്റ്റ് നടപടി.
എന്നാൽ പോലീസ് എടുത്ത മൂന്നിൽ രണ്ട് കേസുകളിലും രാഹുലിന് ജാമ്യം ലഭിച്ചു. സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഡിജിപി ഓഫീസ് മാർച്ചിൽ എടുത്ത പുതിയ കേസിലെ ജാമ്യാപേക്ഷ അഡിഷണൽ സിജെഎം കോടതി നാളെ പരിഗണിക്കും. അതേസമയം, ആദ്യ കേസിൽ കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളെയാണ്. രണ്ടു കേസുകളിൽ കൂടി ജാമ്യം ലഭിച്ചാൽ മാത്രമേ രാഹുൽ മാങ്കൂട്ടത്തിന് ജയിൽ മോചിതനാകാൻ സാധിക്കൂ.