സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായത് ഇരുപത്തി മൂവായിരത്തോളം പേര്‍. പൊലീസ് റിപ്പോര്‍ട്ട് പ്രകാരം 201 കോടി രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്. നഷ്ടപ്പെട്ട തുകയുടെ ഇരുപത് ശതമാനം തിരിച്ചുപിടിക്കാനായെന്നും പൊലീസ് വ്യക്തമാക്കി.
ട്രേടിങ് തട്ടിപ്പുകളിലൂടെ മാത്രം കഴിഞ്ഞ വര്‍ഷം 3,394 പേര്‍ക്ക് 74 കോടി രൂപയാണ് നഷ്ടപ്പെട്ടത്. തട്ടിപ്പിനായി 5,107 ബാങ്ക് അക്കൗണ്ടുകളും 3,289 മൊബൈല്‍ നമ്പറുകളും 239 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഉപയോഗിച്ചു. 945 വെബ്‌സൈറ്റുകളും ഉപയോഗിച്ചതായും പൊലിസിന്റെ റിപ്പോര്‍ട്ടിലുണ്ട്. കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്തുകൊണ്ട് ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ് തട്ടിപ്പിന് തുടക്കമിടുന്നത്. തുടര്‍ന്ന് ടെലിഗ്രാം ഗ്രൂപ്പില്‍ അംഗങ്ങളാക്കി വെബ്‌സൈറ്റ് മുഖേന നിക്ഷേപം നടത്താന്‍ ആവശ്യപ്പെടും.
തുക പിന്‍വലിക്കണമെന്ന് ഇരകള്‍ ആവശ്യപ്പെടുമ്പോള്‍ വീണ്ടും നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുകയും പിന്നീട് നിക്ഷേപം പിന്‍വലിക്കാനായി ജി.എസ്.ടിയും ടാക്‌സും എന്ന വ്യാജേന കൂടുതല്‍ പണം കൈക്കലാക്കുകയുമാണ് ചെയ്യുന്നത്. ഈ രീതിയില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പുകളാണ് ദിവസേന സംസ്ഥാനത്ത് നടക്കുന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു. ഒരാഴ്ചക്കിടെ തൃക്കാക്കര, ആലുവ സ്വദേശികളില്‍ നിന്ന് കോടികളാണ് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായത്. തട്ടിപ്പില്‍ പെടാതിരിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റ് പരിശോധിച്ചു സ്ഥാപനങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തണമെന്നും പൊലീസ് നിര്‍ദേശിച്ചു.