ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയുടെ ഓര്‍മകള്‍ക്ക് എട്ട് വര്‍ഷം. സര്‍വകലാശാലയില്‍ നേരിട്ടിരുന്ന ദലിത് വിവേചനത്തില്‍ പ്രതിഷേധിച്ചായിരുന്നു രോഹിതിന്റെ ആത്മഹത്യ. 2016 ജനുവരി 17 നാണ് ഹോസ്റ്റല്‍ മുറിയില്‍ രോഹിത് ജീവനൊടുക്കുന്നത്.
2016 ജനുവരി 17, രോഹിത് വെമുലയുടെ മരണത്തിന് ഇന്ന് എട്ട് വര്‍ഷം പിന്നിടുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും രാജ്യത്തെ വിവേചനത്തില്‍ തളയ്ക്കുന്ന ജാതി ചിന്തകളെ ഒരിക്കല്‍ കൂടി ഓര്‍മപ്പെടുത്തുകയാണ് രോഹിത് വെമുലയുടെ ജീവിതവും മരണവും. ദളിതനായി ജനിക്കുക എന്നതും ഒരു ഭാവി സ്വപ്‌നം കാണുക എന്നതും ഈ രാജ്യത്ത് നിങ്ങള്‍ ചെയ്യാവുന്ന വലിയ കുറ്റങ്ങളിലൊന്നാണ് എന്നാണ് മരണംക്കൊണ്ട് രോഹിത് പറഞ്ഞത്.ആ ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡറിനോട് ,ഒരു സംവിധാനം നടത്തിയ കൊലപാതകത്തോട് നമ്മുടെ വ്യവസ്ഥ എങ്ങനെ പ്രതികരിച്ചുവെന്നതിലുണ്ട് ജാതി ചിന്തയുടെ അധീശത്വം.
ആന്ധ്രാപ്രദേശ്,ഗുണ്ടൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്നാണ് രോഹിത് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ എത്തുന്നത്.സര്‍വകലാശാലയില്‍ ആദ്യം എസ്എഫ്‌ഐയുടെയും പിന്നീട് അംബേദ്കര്‍ സ്റ്റുഡന്റ് അസോസിയേഷന്റേയും മുന്‍നിര പ്രവര്‍ത്തകനായി.കാള്‍സാഗനെപ്പോലെ ലോകമറിയുന്ന ശാസ്ത്ര എഴുത്തുകാരനാവാനായിരുന്നു രോഹിത് വെമുലയുടെ മോഹം.പക്ഷെ ജാതീയത ആ മോഹത്തെ പിഴുതെടുക്കുകയായിരുന്നു.വെമുലയുടെ മരണം രാജ്യത്തെ സര്‍വകലാശാലകളില്‍ വലിയ പ്രതിഷേധമുയര്‍ത്തി.ജാതി വ്യവസ്ഥയുടെ പേരിലുള്ള കൊലപാതകമാണ് വെമുലയുടെ മരണമെന്ന് ആരോപണം ഉയര്‍ന്നു.രോഹിതിന്റെ അമ്മ രാധിക വെമുല സര്‍വകലാശാലകളിലെ സമരത്തിന്റെ പ്രതീകമായി മാറി. വിദ്യാഭ്യാസ രംഗത്തെ ജാതിയുടെ രക്തസാക്ഷിയും പ്രതീകവുമായി രോഹിത് വെമുല ഇന്നും ജീവിക്കുന്നുണ്ട്.