കിഫ്ബി മസാല ബോണ്ട് കേസിൽ മുന്‍ മന്ത്രി തോമസ് ഐസക്കിന് വീണ്ടും സമൻസ് അയച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് . തിങ്കളാഴ്ച കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഹാജരാകാനാണ് നിർദ്ദേശം. നേരത്തെ നല്‍കിയ സമന്‍സില്‍ തോമസ് ഐസക് കൂടുതല്‍ സാവകാശം തേടിയിരുന്നു.
മസാല ബോണ്ട് കേസിൽ ഈ മാസം 22ന് ഇ ഡി യ്ക്ക് മുന്നിൽ ഹാജരാകാനാണ് നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്നത്. കൊച്ചിയിലെ ഓഫീസിൽ രാവിലെ 11 മണിക്ക് ഹാജരാകണം. നേരത്തെ ഐസക്കിന് ഇഡി നോട്ടീസ് നൽകിയിരുന്നെങ്കിലും സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കേണ്ട സാഹചര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ഹാജരായില്ല. കിഫ്ബിക്കായി ധനസമാഹരണത്തിനു വേണ്ടി ഫെമ ലംഘനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി അന്വേഷണം തുടങ്ങിയത്.
അന്വേഷണത്തിന്‍റെ ഭാഗമായി മുൻഷ്ടം നോട്ടീസ് നൽകിയെങ്കിലും തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.ഇതോടെ മുൻ നോട്ടീസ് പിൻവലിക്കുമെന്നും പുതിയ നോട്ടീസ് നൽകുമെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു. ഇതനുസരിച്ച് ജനുവരി 12ന് നോട്ടീസ് നൽകിയിരുന്നെങ്കിലും തിരക്ക് മൂലം ഹാജരാകാൻ കഴിയില്ലെന്ന് ഐസക്ക് അറിയിച്ചിരുന്നു. ഇഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും അതിനെ നിയമപരമായി നേരിടുപമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.ഇതിനിടെയാണ് ഇഡി വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നത്.