ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയിലെ സിൻഡിക്കേറ്റ് നിയമനത്തിനെതിരെ പരാതി. റെനി സെബാസ്റ്റ്യന്‍റെ നിയമനത്തിനെതിരെയാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പരാതി. മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. അതേസമയം വിദ്യാഭ്യാസ വിദഗ്ദ്ധ എന്ന നിലയിലാണ് റെനി സെബാസ്റ്റ്യന്റെ നിയമനം നടത്തിയതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു.
ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിലെ സിൻഡിക്കേറ്റ് നിയമനത്തിലാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റി പരാതി ഉന്നയിച്ചത്. സിൻഡിക്കേറ്റിൽ നിന്ന് ഡോ. കെ പി പ്രേംകുമാർ രാജിവച്ച ഒഴിവിലേക്കാണ് ഡോ. റെനി സെബാസ്റ്റ്യനെ നിയമിച്ചത് . ഈ നിയമനത്തിനെതിരെയാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് മാസപ്പടി നൽകിയതുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ വിദ്യാഭ്യാസ ഏജൻസി സാന്റാമോണിക്ക എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് ഡോ റെനി സെബാസ്റ്റ്യൻ. ഈ കാര്യവും പരാതിയിൽ പറയുന്നുണ്ട്. എന്നാല്‍, വിദ്യാഭ്യാസ വിദഗ്ദ്ധ എന്ന നിലയിലാണ് റെനി സെബാസ്റ്റ്യന്റെ നിയമനം നടത്തിയതെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞത്. കൂടാതെ സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്റെ പരാതി തങ്ങൾക്ക് കിട്ടിയിട്ടില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയിലെ സിന്‍ഡിക്കേറ്റ് നിയമനം നടന്നത്. രണ്ടു ഒഴിവുകൾ ആണ് നികത്തിയത്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയെയും റെനി സെബാസ്റ്റ്യനെയുമായിരുന്നു നിയമിച്ചത്. വിദ്യാർത്ഥി വിഭാഗത്തിലാണ് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയെ നിർദ്ദേശിച്ചത്.