തൃശ്ശൂർ: രാമായണവുമായി ബന്ധപ്പെട്ട് തൃശ്ശൂർ എം.എല്‍.എയും സിപിഐ നേതാവുമായ പി ബാലചന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. ഹൈന്ദവ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തി എന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നതോടെ പി ബാലചന്ദ്രന്‍ പോസ്റ്റ് പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചു.
രാമായണത്തിലെ കഥാപാത്രങ്ങളായ ലക്ഷ്മണന്‍ കൊണ്ടുവന്ന ഇറച്ചിയും പൊറോട്ടയും സീത, രാമനും ലക്ഷ്മണനും വിളമ്പി കൊടുത്തു എന്ന ബാലചന്ദ്രന്റെ പോസ്റ്റ് ആണ് വിവാദമായത്. ബാലചന്ദ്രന്റെ പോസ്റ്റിനെതിരെ ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാര്‍, സംസ്ഥാന സെക്രട്ടറി എ നാഗേഷ് ഉള്‍പ്പടെയുള്ളവര്‍ ഇതിനോടകം രംഗത്തെത്തി. ഹൈന്ദവ വിശ്വാസികളുടെ വിശ്വാസപ്രമാണങ്ങളെ ഇത്തരം പ്രയോഗങ്ങളിലൂടെ ചവിട്ടി മെതിക്കാൻ ഒരു കമ്മ്യൂണിസ്റ്റുകാരനല്ലാതെ മറ്റാർക്കാണ് കഴിയുക എന്ന് അനീഷ് കുമാര്‍ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. ഇങ്ങനെ ജനപ്രതിനിധിയേയും അവൻ്റെ പാർട്ടിയേയും ചുമക്കാൻ അവസരമുണ്ടാക്കിയവർ ആത്മാഭിമാനമുണ്ടെങ്കിൽ ഇത് കണ്ട് ലജ്ജിച്ച് തല താഴ്ത്തട്ടെയെന്നും അനീഷ്‌കുമാർ സമൂഹ മാധ്യമത്തിൽ പങ്കു വെച്ചു. അതേസമയം പോസ്റ്റിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ പി ബാലചന്ദ്രന്‍ പോസ്റ്റ് പിന്‍വലിച്ചു. പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ തന്നെ എം.എല്‍.എ ഖേദം പ്രകടിപ്പിച്ചു.