എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി രാജ്യതലസ്ഥാനം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അതീവ സുരക്ഷയിലാണ് രാജ്യം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണാണ് റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥി.
റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കായുള്ള ഒരുക്കത്തിലാണ് രാജ്യതലസ്ഥാനം. 75ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഇന്ത്യയിലെത്തി. 13000 ക്ഷണിക്കപ്പെട്ട അതിഥികളും ഡല്‍ഹിയിലെ റിപ്പബ്ലിക് ദിന ആഘോഷത്തില്‍ പങ്കെടുക്കും. വികസിത ഭാരതം, ജനാധിപത്യത്തിന്റെ മാതൃക എന്നാണ് ഇത്തവണത്തെ പ്രമേയം. റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് അതീവ സുരക്ഷയിലാണ് രാജ്യം. തലസ്ഥാനമായ ഡല്‍ഹിയില്‍ റെയില്‍ വേ സ്‌റ്റേഷനുകള്‍,
മെട്രോ സ്റ്റേഷനുകള്‍ , ആരാധനാലയങ്ങള്‍, മാര്‍ക്കറ്റുകള്‍, തിരക്കേറിയ ഇടങ്ങള്‍, തന്ത്ര പ്രധാന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി. രാജ്യത്തിന്റെ സൈനിക ശക്തി പ്രകടമാക്കുന്ന പരേഡുകളും വ്യോമാഭ്യാസങ്ങളും ടാബ്ലോകളും പരേഡില്‍ അണിനിരക്കും. ഫ്രാന്‍സില്‍ നിന്നുള്ള 95 അംഗ സൈന്യവും 33 അംഗ ബാന്‍ഡ് സംഘവും പരേഡിലുണ്ടാകും. ഫ്രഞ്ച് വ്യോമസേനയുടെ മള്‍ട്ടി റോള്‍ ടാങ്കര്‍ ട്രാന്‍സ്പോര്‍ട്ട് വിമാനവും രണ്ട് റാഫേല്‍ വിമാനങ്ങളും ഇത്തവണ ഫ്‌ളൈ പാസ്റ്റിലെ പ്രത്യേകതയാണ്.
എന്‍സിസി, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ആംഡ് ഫോഴ്‌സ് മെഡിക്കല്‍ സര്‍വീസ്, ദില്ലി പൊലീസ് എന്നിവര്‍ വനിതകള്‍ മാത്രമുള്ള സംഘങ്ങളെയാണ് പരേഡില്‍ അണി നിരത്തുക. കര-നാവിക-വ്യോമസേനകളിലെ വനിതകളടങ്ങുന്ന 144 പേരും പ്രത്യേകസംഘങ്ങളായി മാര്‍ച്ച് ചെയ്യും. തെരഞ്ഞെടുക്കപ്പെട്ട 16 സംസ്ഥാനങ്ങളും 9 മന്ത്രാലയങ്ങളും അവതരിപ്പിക്കുന്ന ടാബ്ലോകളിലും വനിതകള്‍ മാത്രമാണുണ്ടാവുക. പരേഡില്‍ കേരളത്തിന്റെ ടാബ്ലോകള്‍ക്ക് ഇത്തവണ അനുമതി ലഭിച്ചില്ല.