ആയിരം വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും നൽകുന്ന വിദ്യാർത്ഥി പ്രതിഭ പുരസ്‌കാരം വിതരണം ചെയ്തു. ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തിയ പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. രാജ്യത്ത് ആദ്യമായാണ് ഒരു സർക്കാർ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ സ്കോളർഷിപ്പ് ആയി നൽകുന്നത്.
സംസ്ഥാനത്തെ 12 സർവകലാശാലകളിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾക്കാണ് വിദ്യാർത്ഥി പ്രതിഭ പുരസ്‌കാരം നൽകിയത്. രണ്ടര ലക്ഷം രൂപയിൽ താഴെ മാത്രം വാർഷിക വരുമാനമുള്ള കുടുംബങ്ങളിൽ നിന്നും തിരഞ്ഞെടുത്ത ആയിരം പേരാണ് പുരസ്‌കാരത്തിന് അർഹത നേടിയത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ആദ്യമായാണ് 1 ലക്ഷം രൂപ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ആയി ഒരു സർക്കാർ നൽകുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു.
വിദ്യാർത്ഥി പ്രതിഭ പുരസ്‌കാരം പാഠപുസ്തകങ്ങൾക്ക് അപ്പുറം പഠനം നടത്താൻ ഒരു പ്രചോദനം ആയി തീരട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആശംസിച്ചു. കേരളം വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ രാജ്യത്ത് മുന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് വരാനിരിക്കുന്ന മാറ്റത്തെപറ്റിയും മുഖ്യമന്ത്രി പറഞ്ഞു. നാലുവർഷ ബിരുദ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ഓരോ കോളേജുകളിലും ആവശ്യമുള്ള സംവിധാനങ്ങൾ ഒരുക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ മികച്ചതാക്കുക എന്ന ലക്ഷ്യമാണ് സർക്കാരിന് ഉള്ളതെന്നും പറഞ്ഞു.