75ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 132 പത്മ പുരസ്‌കാരങ്ങളില്‍ അഞ്ചുപേര്‍ക്ക് പത്മവിഭൂഷണും 17 പേര്‍ക്ക് പത്മഭൂഷണും ലഭിച്ചു. ഒപ്പം വിവിധ വിഭാഗങ്ങളിലായി പത്മശ്രീ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു.
മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, വൈജയന്തിമാല, തെലുങ്ക് ചലച്ചിത്ര നടന്‍ ചിരഞ്ജീവി, പദ്മ സുബ്രഹ്‌മണ്യം, ബിന്ദേശ്വര്‍ പഥക് എന്നിവര്‍ക്കണാ പത്മവിഭൂഷണ്‍ ലഭിച്ചത്. ബിന്ദേശ്വര്‍ പഥകിന് മരണാന്തര ബഹുമതിയായാണ് പുരസ്‌കാരം. ബിജെപി നേതാവ് ഒ.രാജഗോപാല്‍, ഗായിക ഉഷ ഉതുപ്പ്, ജസ്റ്റിസ് എം ഫാത്തിമ ബീവി, തമിഴ് ചലച്ചിത്രതാരം വിജയകാന്ത് അടക്കം 17 പേര്‍ക്ക് പത്മഭൂഷണും ലഭിച്ചു. ഫാത്തിമ ബീവിക്കും വിജയകാന്തിനും മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം നല്‍കിയത്.
കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, തെയ്യം കലാകാരന്‍ ഇ.പി.നാരായണന്‍ കാസര്‍കോട്ടെ നെല്‍കര്‍ഷകനായ സത്യനാരായണ ബലേരി, ചിത്രന്‍ നമ്പൂതിരിപ്പാട്, ഗൗരി ലക്ഷ്മി ഭായി എന്നീ മലയാളികള്‍ ഉള്‍പ്പെടെ 110 പേര്‍ക്കാണ് പത്മശ്രീ ലഭിച്ചത്. ഇന്ത്യയിലെ ആദ്യ വനിത പാപ്പാനായ അസം സ്വദേശിനി പാര്‍ബതി ബര്‍വ, ആദിവാസി സാമൂഹ്യ പ്രവര്‍ത്തകനായ ഛത്തീസ്ഗഡില്‍ നിന്നുള്ള ജഗേശ്വര്‍ യാദവ്, എന്നിവരും പത്മശ്രീക്ക് അര്‍ഹരായി. രണ്ടുദിവസം മുന്‍പ് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നം പ്രഖ്യാപിച്ചിരുന്നു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും സ്വാതന്ത്ര്യ സമരസേനാനിയും സോഷ്യലിസ്റ്റ് നേതാവുമായ കര്‍പൂരി ഠാക്കൂറിന് മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം നല്‍കിയത്.