ഇസ്രയേലിന്റെ ഗാസ ആക്രമണം നിര്‍ത്താന്‍ ഉത്തരവിടണമെന്ന ദക്ഷിണാഫ്രിക്കയുടെ അപേക്ഷയില്‍ യുഎന്‍ കോടതി ഇന്ന് വിധി പറയും. ഇസ്രായേല്‍-ഹമാസ് യുദ്ധത്തിനിടയില്‍, ഗാസയില്‍ പലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ വംശഹത്യ നടത്തിയെന്ന് ആരോപിച്ചാണ് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതി സമീപിച്ചത്.
ഇസ്രായേലിനെതിരായ വംശഹത്യ കേസില്‍ ഇടക്കാല ഉത്തരവുകള്‍ക്കായുള്ള ദക്ഷിണാഫ്രിക്കയുടെ അപേക്ഷയിലാണ് ഐക്യരാഷ്ട്രസഭയുടെ സുപ്രീം കോടതി ഇന്ന് വിധി പറയുന്നത്. ഗാസയിലെ ഹമാസുമായുള്ള യുദ്ധത്തില്‍ ഇസ്രായേലിന്റെ സൈനിക നടപടി വംശഹത്യക്ക് തുല്യമാണെന്ന് ആരോപിച്ച് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഫയല്‍ ചെയ്ത കേസിന്റെ പ്രാഥമിക ഘട്ടമായാണ് തീരുമാനം. എന്നാല്‍ ആരോപണം നിഷേധിച്ച ഇസ്രായേല്‍ കേസ് തള്ളണമെന്ന് കോടതിയോട് ആവശ്യപ്പെടുകയും ചെയ്തു.
നെതര്‍ലന്‍ഡ്സിലെ ഹേഗ് ആസ്ഥാനമായ കോടതി കഴിഞ്ഞ ബുധനാഴ്ചയാണ് ഇടക്കാല വിധി ഇന്ന് പ്രഖ്യാപിക്കുമെന്ന് അറിയിച്ചത്. ഗാസയിലെ എല്ലാ സൈനിക നടപടികളും നിര്‍ത്താന്‍ ഇസ്രായലിനോട് നിര്‍ദേശിക്കണം, ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കാന്‍ തടസമുണ്ടാകരുത് തുടങ്ങിയ ആവശ്യങ്ങളുമായാണ് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. ഒക്ടോബറിനുശേഷം, ഇസ്രായേല്‍ ആക്രമണത്തില്‍ 25,700-ലധികം ആളുകള്‍ കൊല്ലപ്പെട്ടതായും ഇതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്നാണ് പലസ്തീന്റെ കണക്ക്