ജോര്‍ദാനിലെ ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. സിറിയയിലും ഇറാഖിലും പ്രവര്‍ത്തിക്കുന്ന ഇറാന്‍ പിന്തുണയുള്ള സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ബൈഡന്റെ ആരോപണം. ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് യുഎസ് സൈനികരാണ് കൊല്ലപ്പെട്ടത്.
ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന അധിനിവേശം ആരംഭിച്ചതിന് ശേഷം ഈ മേഖലയില്‍ ഇതാദ്യമായാണ് യുഎസ് സൈനികര്‍ കൊല്ലപ്പെടുന്നത്. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്നും ബൈഡന്‍ അറിയിച്ചു.കൊല്ലപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചവരുടെ ധീരതയ്ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നതായും അദ്ദേഹം അറിയിച്ചു.
സൈനിക താവളങ്ങള്‍ക്ക് നേരെ മുമ്പും ആക്രമണം നടന്നിട്ടുണ്ടെങ്കിലും സൈനികര്‍ കൊല്ലപ്പെടുന്ന ആദ്യ സംഭവമാണിത്. 150ലധികം ചെറിയ ആക്രമണങ്ങള്‍ യുഎസ് സേനയെ ലക്ഷ്യമിട്ട് ഈ ഭാഗത്ത് നടന്നിട്ടുണ്ടെങ്കിലും ആളപായമുണ്ടായിട്ടില്ല. ഡ്രോണുകളും റോക്കറ്റുകളും മിസൈലുമുപയോഗിച്ചാണ് ആക്രമണങ്ങള്‍ നടന്നിട്ടുള്ളത്.