സംസ്ഥാനത്താദ്യമായി വനിതകളുടെ സുസ്ഥിരവികസനം എന്ന ലക്ഷ്യത്തോടെ നബാര്‍ഡിനു കീഴില്‍ നാബ് ഫ്‌ലോറ എന്ന പേരില്‍ പുഷ്പ കൃഷിക്ക് തുടക്കമായി.പദ്ധതി സംസ്ഥാനത്ത് വ്യാപകമാക്കുന്നതോടെ ഉത്സവ സീസണുകളിലടക്കം അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന അവസ്ഥയ്ക്ക് പരിഹാരമാകും.
പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയില്‍ ബാലപുരം പഞ്ചായത്തില്‍ 2.5 ഏക്കര്‍ സ്ഥലത്ത് പൂക്കൃഷി ആരംഭിച്ചു. വാര്‍ഡ് മെമ്പര്‍ വത്സലയുടെ നേതൃത്വത്തില്‍ 13 ആം വാര്‍ഡിലാണ് ജമന്തി,വാടാമുല്ല എന്നുവയുടെ കൃഷി ആരംഭിച്ചത്. സ്റ്റേറ്റ് അഗ്രി -ഹോര്‍ട്ടികള്‍ച്ചറല്‍ ഡെവലപ്പ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പൂക്കൃഷി രംഗത്ത് വനിതകളുടെ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി രൂപീകരിച്ചു കൊണ്ട് ഉത്പാദനം കൂട്ടാനും സംസ്ഥാനത്ത് പൂവിപണി സ്വയം പര്യാപ്തമാക്കാനുമാണ് പദ്ധതിയിലൂടെ കഴിയും. 200 ലധികം വനിതകള്‍ക്ക് ഓരോ ജില്ലയിലും വരുമാനം ഉറപ്പാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
പദ്ധതിയിലൂടെ പൂക്കൃഷി ആരംഭിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് വെടിവച്ചന്‍ കോവിലിലുള്ള സ്‌റ്റേറ്റ് അഗ്രി ഹോര്‍ട്ടി സൊസൈറ്റിയുമായി ബന്ധപ്പെടാം. കൃഷിക്കാവശ്യമായ സാമ്പത്തിക സാങ്കേതിക സഹായങ്ങളും വിത്ത്, വളം, കൃഷി രീതികളിലുള്ള പരിശീലനം തുടങ്ങിയവയും വിപണി കണ്ടെത്തുന്നതിനുള്ള പിന്തുണയും സൊസൈറ്റിയുടെ നേതൃത്വത്തില്‍ ലഭ്യമാക്കും. കൃഷിക്ക് പുറമെ വയോജനങ്ങള്‍ക്കും മറ്റും മാനസിക - ശാരീരിക ആരോഗ്യം നല്‍കുന്നതിനായുള്ള ഹോര്‍ട്ടി കള്‍ച്ചറല്‍ തെറാപ്പി നടപ്പാക്കാനും സൊസൈറ്റി പദ്ധതി ഇടുന്നുണ്ട്.