ഡല്‍ഹിയില്‍ പുതിയ സോളാര്‍ നയം പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാള്‍. പുതിയ നയം പ്രകാരം സോളാര്‍ പാനല്‍ സ്ഥാപിക്കുന്നവര്‍ക്ക് എത്ര യൂണീറ്റ് വൈദ്യുതി ഉപയോഗിച്ചാലും സീറോ വൈദ്യുതി ബില്ലായിരിക്കുമെന്നും കെജ്രിവാള്‍ അറിയിച്ചു
സോളാര്‍ പാനല്‍ സ്ഥാപിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ ലഭിക്കുമെന്ന പ്രഖ്യാപനവുമായാണ് പുതിയ സോളാര്‍ നയം ഡല്‍ഹി സര്‍ക്കാര്‍ പുറത്തിറക്കിയത്. സോളാര്‍ പാനല്‍ സ്ഥാപിക്കുന്നവര്‍ക്ക് എത്ര യൂണീറ്റ് വൈദ്യുതി ഉപയോഗിച്ചാലും സീറോ വൈദ്യുതി ബില്ലായിരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. എല്ലാ മാസവും 700 മുതല്‍ 900 രൂപ വരെ സമ്പാദിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ നയ പ്രകാരം 500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കണം. സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന 2016ലെ സോളാര്‍ നയം രാജ്യത്തെ പുരോഗമന നയമായിരുന്നുവെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. സോളാര്‍ നയത്തിന് രണ്ട് ദിവസം മുമ്പ് മന്ത്രിസഭ അംഗീകാരം നല്‍കിയതായും പത്തുദിവസത്തിനകം ഇത് നടപ്പാക്കി തുടങ്ങുമെന്നും വൈദ്യുതി മന്ത്രി അതിഷി അറിയിച്ചു.ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൂടിയാണ് ആംആദ്മി സര്‍ക്കാര്‍ പുതിയ നയം പ്രഖ്യാപിച്ചത്.