കേന്ദ്രസര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സമരം ഇന്ന്. ഡല്‍ഹി ജന്തര്‍ മന്ദിറിലാണ് സമരം നടക്കുക. കേന്ദ്രസര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ നടക്കുന്ന സമരത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രിമാരും കോണ്‍ഗ്രസ് എംപിമാരും പങ്കെടുക്കും. കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതോടെ കേന്ദ്രം അവഗണിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
കേന്ദ്രം ന്യായമായ വിഹിതം നല്‍കുന്നില്ലെന്നും വരള്‍ച്ച ബാധിത ജില്ലകളെ പോലും അവഗണിക്കുകയാണെന്നും കര്‍ണാടക പരാതിപ്പെടുന്നു.സിദ്ധരാമയ്യയ്‌ക്കൊപ്പം ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍,എംഎല്‍എമാര്‍ എംഎല്‍സിമാര്‍ എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുക്കും. കര്‍ണാടകയിലുള്ള 28 എംപിമാരില്‍ 27 ഉം ബിജെപി എംപിമാരാണെന്നിരിക്കെ സംസ്ഥാനത്തിന് വേണ്ടി ഒരു ഇടപെടലും നടത്തുന്നില്ലെന്ന് ഡികെ ശിവകുമാര്‍ ആരോപിക്കുന്നു.
അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്തിന് കിട്ടേണ്ട തുകയില്‍ 62000 കോടി രൂപയുടെ കുറവുണ്ടായതായും അദ്ദേഹം ആരോപിച്ചു. നാളെ എല്‍ഡിഎഫ് ഡല്‍ഹി സമരം നടത്താനിരിക്കെയാണ് ഇന്ന് കര്‍ണാടകയുടെ സമരം നടക്കുന്നത്. അതേസമയം കേരളത്തിന്റെ സമരത്തില്‍ സഹകരിക്കാതെ കോണ്‍ഗ്രസ് വിട്ടു നില്‍ക്കുന്നതിനിടെ കര്‍ണാടക കോണ്‍ഗ്രസ് സമരം നടത്തുന്നത് കാവ്യനീതിയാണെന്നാണ് കേരളത്തിന്റെ പ്രതികരണം.