കേന്ദ്ര സര്‍ക്കാരിന്റെ അവഗണനക്കെതിരെ കേരളസര്‍ക്കാര്‍ ഡല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ നടത്തുന്ന പ്രതിഷേധ സമരം ഇന്ന്. മുഖ്യമന്ത്രിയും മന്ത്രിമാരും ഇടതുമുന്നണി നേതാക്കളും പങ്കെടുക്കും.
കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനക്കും വിവേചനത്തിനുമെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹി ജന്തര്‍ മന്തിറില്‍ ഇന്ന് പ്രതിഷേധസമരം നടക്കും. കേന്ദ്രം സംസ്ഥാനത്തിന്റെ വായ്പാ പരിധി വെട്ടിക്കുറയ്ക്കുകയും ഗ്രാന്റുകള്‍ തടഞ്ഞു വെയ്ക്കുകയും ചെയ്യുന്ന സമീപനത്തില്‍ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
അര്‍ഹമായത് നേടിയെടുക്കാനാണ് സമരം നടത്തുന്നതെന്നും ഒരാളെയും തോല്‍പ്പിക്കുക എന്ന ലക്ഷ്യം സമരത്തിനില്ല എന്നുമാണ് ഡല്‍ഹി സമരത്തെ കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചത്. കേന്ദ്രം സാമ്പത്തിക ഫെഡറലിസത്തെ തകര്‍ക്കുന്നുവെന്നും മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും ഇടതുപക്ഷ നേതാക്കളും കൂടാതെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മന്‍, ഡിഎംകെ നേതാക്കള്‍ തുടങ്ങിയവര്‍ സമരത്തിന്റെ ഭാഗമാകും. ഒന്നിച്ചുള്ള സമരത്തിന് മുഖ്യമന്ത്രി പ്രതിപക്ഷത്തേയും ക്ഷണിച്ചിരുന്നു.യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച ചെയ്തശേഷം പ്രതിഷേധസമരത്തിന് ഒപ്പമില്ല എന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അറിയച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ അവഗണന മാത്രമല്ല കേരളസര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയുമാണ് കേരളത്തിലെ പ്രതിസന്ധിക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യുഡിഎഫ് ക്ഷണം നിരസിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുഖ്യമന്ത്രിമാരായ നവീന്‍ പട്‌നായിക് , ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഒമര്‍ അബ്ദുല്ല, മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ തുടങ്ങിയവര്‍ക്കും പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയുടെ ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ യുഡിഎഫ് വിട്ടുനില്‍ക്കുന്നതിനാല്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ സമരത്തില്‍ പങ്കെടുക്കില്ല.