പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുന്ന ചെന്നൈ മെട്രോയുടെ രണ്ടാംഘട്ടം പൂര്‍ണമായും ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കും. ഇതിനാവശ്യമായ ട്രെയിന്‍സെറ്റുകളുടെ നിര്‍മ്മാണത്തിലേക്ക് പ്രശസ്ത റോളിങ് സ്റ്റോക്ക് നിര്‍മ്മാതാവായ ആല്‍സ്റ്റം പ്രവേശിച്ചു. ചെന്നൈയിലെ ശ്രീ സിറ്റിയിലെ ആസ്റ്റം പ്ലാന്റിലാണ് ട്രെയിനുകളുടെ നിര്‍മ്മാണം നടക്കുക.
36 ട്രെയിനുകളാണ് ആസ്റ്റം ഡെലിവര്‍ ചെയ്യുക. ഓരോന്നും മൂന്ന് കാറുകള്‍ വീതമുള്ളവയാണ്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത പിടിക്കാന്‍ ഈ ട്രെയിനുകള്‍ക്ക് സാധിക്കും. 116 കിലോമീറ്റര്‍ നീളമുള്ള രണ്ടാംഘട്ട പാതയില്‍ 3 കോച്ചുകളുള്ള ഓട്ടമാറ്റിക് ട്രെയിനുകളാണ് ഓടിക്കുക. മാധവാരം ഷോളിംഗനല്ലൂര്‍, ലൈറ്റ്ഹൗസ് പൂനമല്ലി, മാധവാരംസിപ്‌കോട് എന്നിങ്ങനെ 3 ഇടനാഴികളിലായാണു രണ്ടാംഘട്ടത്തിലെ സര്‍വീസ് നടത്തുക. 2026ല്‍ സര്‍വീസ് ആരംഭിക്കാമെന്നാണു സിഎംആര്‍എല്ലിന്റെ കണക്കുകൂട്ടല്‍. അടുത്തവര്‍ഷം അവസാനത്തോടെ നാലാം ഇടനാഴിയിലെ പൂനമല്ലി പോരൂര്‍ ഭാഗത്താകും ഡ്രൈവറില്ലാ ട്രെയിനുകള്‍ ആദ്യമായി ഓടിക്കുക.
ചെന്നൈ മെട്രോയുടെ ഒന്നാംഘട്ടത്തില്‍ ഉപയോഗിച്ച ട്രെയിനുകള്‍ രണ്ടാംഘട്ടത്തില്‍ നിര്‍മ്മിക്കുന്ന പാതയില്‍ ഓടിക്കാന്‍ കഴിയില്ല. ഡ്രൈവര്‍ലെസ് മെട്രോയുടെ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന സിഗ്‌നല്‍ സംവിധാനം വ്യത്യസ്തമാണ്. ഡ്രൈവര്‍ലെസ് ട്രെയിനിന്റെ ഓപ്പറേഷന്‍ പൂര്‍ണ്ണമായും നിയന്ത്രിക്കുന്നത് അതിന്റെ സിഗ്‌നല് സംവിധാനമാണ്. രണ്ട് ട്രെയിനുകളും കാണാന്‍ ഒരുപോലെയുണ്ടാകാമെങ്കിലും സാങ്കേതികതയില്‍ വലിയ വ്യത്യസമുണ്ട്.