തെരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടിയുടെ പേരും ചിഹ്നവും പതാകയും എല്ലാം എതിർപക്ഷത്തിന് കൊടുത്തിട്ടും പാർട്ടി പരിപാടിയിൽ ക്ലോക്കുള്ള കൊടി തന്നെ എൻ.സി.പി ശരത് പവാർ വിഭാഗം ഒരിക്കൽ കൂടി കൈയ്യിലേന്തി. കോഴിക്കോട് മുതലക്കുളത്ത് നടന്ന എൻസിപി -എസ് ഫാസിസ്റ്റ് വിരുദ്ധ റാലിയിലാണ് രാഷ്ട്രീയ ചരിത്രത്തിലെ ഈ കൗതുക കാഴ്ച അരങ്ങേറിയത്. ശരത് പവാറിനെ അനുകൂലിക്കുന്ന എൻ.സി.പി വിഭാഗം എൻ.സി.പി - എസ് ആയി മാറിയതിന് ശേഷമുള്ള കേന്ദ്രത്തിനെതിരായ പാർട്ടിയുടെ ആദ്യ പരിപാടിയായി റാലി മാറുകയും ചെയ്തു.
അവിഭക്ത എൻ.സി.പി ആയിരുന്നപ്പോഴാണ് പാർട്ടിയുടെ കോഴിക്കോട് ജില്ലാ ഘടകം ഫാസിസ്റ്റ് വിരുദ്ധ റാലി സംഘടിപ്പിക്കാൻ തീരുമാനിക്കുന്നത്. പരിപാടിയുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് അജിത് പവാർ പാർട്ടിയിൽ കലാപം ഉയർത്തുന്നതും അധികാര കേന്ദ്രം പിടിച്ചടക്കിയതും. ഒടുവിൽ അജിത് പവാറിന്റേതാണ് യഥാർത്ഥ എൻ.സി.പി എന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞദിവസം പ്രഖ്യാപിക്കുകയും ചെയ്തു.
പാർട്ടിയുടെ ഔദ്യോഗിക ചിഹ്നമായ ക്ലോക്കും കൊടിയും എല്ലാം അജിത് പവാർ പക്ഷത്തിന് നൽകുകയും ശരത് പവാർ നയിക്കുന്ന വിഭാഗത്തിന്റെ പേര് എൻസിപി- എസ് എന്നാക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ബുധനാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് വരുന്നതിന് മുമ്പ് തന്നെ കോഴിക്കോട് റാലിക്കായി കോയമ്പത്തൂരിൽ നിന്നും രണ്ടായിരത്തിലധികം കൊടികൾ എത്തിച്ചിരുന്നു. കമ്മീഷൻ ഉത്തരവിനോട് എന്ത് ചെയ്യുമെന്ന ആശങ്കയായി. വാങ്ങിയ കൊടികൾ പിന്നെ രണ്ടും കൽപ്പിച്ച് റാലിക്ക് ആ കൊടികൾ തന്നെ ഉപയോഗിക്കാം എന്ന് തീരുമാനിക്കുകയും ചെയ്തു.
അജിത് പവാർ വിഭാഗത്തിന് നൽകിയ കൂടിയല്ലേ ഉപയോഗിച്ചത് എന്ന ചോദ്യത്തിന് പണ്ട് കോൺഗ്രസ് - എസ് രൂപീകരിച്ചപ്പോൾ കുറേക്കാലം കോൺഗ്രസിന്റെ കൊടി ഉപയോഗിച്ചവരാണ് തങ്ങൾ എന്നായിരുന്നു എൻസിപി കേന്ദ്ര നേതാവും മന്ത്രിയുമായ എ.കെ.ശശീന്ദ്രന്റെ മറുപടി.
പാർട്ടി പ്രവർത്തകരുടെ ഹൃദയവികാരമായിരുന്ന ക്ലോക്കിന്റെ ചിത്രം ഉള്ള മൂവർണ്ണ കൊടികൾ പാറിപ്പറക്കുന്നത് കണ്ട് അജിത് പവാർ വിഭാഗം നടത്തുന്ന പരിപാടിയല്ല ഇതെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ ശരത് പവാർ വിഭാഗം എൻ.സി.പിക്കാർ ഒരു തന്ത്രം കൂടി ചെയ്തു. എൻസിപി -എസ് എന്ന് ആലേഖനം ചെയ്ത കൂറ്റൻ കമാനം മുതലക്കുളം മൈതാനിയുടെ തുടക്കത്തിലും വലിയ ഫ്ലക്സ് ബോർഡ് വേദിക്ക് പിറകിലുമായി സ്ഥാപിച്ചു. പൊതുജനങ്ങൾക്ക് ഇത് കൗതുകകരമാണെങ്കിലും രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് ഇത് രസകരമായ ഒരു ചരിത്രം കൂടിയാണ്.