ചാരവൃത്തി ആരോപിച്ച് ഖത്തര്‍ അറസ്റ്റ് ചെയ്ത എട്ട് ഇന്ത്യക്കാരേയും മോചിപ്പിച്ചു. ഏഴുപേര്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തി. ഖത്തര്‍ അമീറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
മലയാളിയായ രാഗേഷ് ഗോപകുമാറക്കം എട്ടു പേരെയാണ് ഖത്തര്‍ മോചിപ്പിച്ചത്. ഏഴുപേര്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയെന്നും ഒരാളുടെ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നാട്ടിലെത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
റംസാനോ ഈദിനോ മുന്നോടിയായി എട്ട് പേരെയും മോചിപ്പിക്കുമെന്നായിരുന്നു ഖത്തര്‍ അറിയിച്ചിരുന്നതെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനത്തിന് മുന്നോടിയായി ഇവരെ വിട്ടയക്കുകയായിരുന്നു.
ദഹ്‌റ ഗ്ലോബല്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന നാവികരെ 2022 ഒക്ടോബറിലാണ് ഖത്തര്‍ തടവിലാക്കിയത്. ചാരവൃത്തി ചെയ്‌തെന്ന് കണ്ടെത്തിയ ഖത്തര്‍ കോടതി വധ ശിക്ഷക്ക് വിധിക്കുകയും ചെയ്തു. പിന്നീട് ഇന്ത്യയും ഖത്തറും തമ്മിലുള്ള നിരന്തരമായ ചര്‍ച്ചകള്‍ക്കൊടുവില്‍ കഴിഞ്ഞ വര്‍ഷം എട്ടുപേരുടേയും വധ ശിക്ഷയില്‍ ഇളവു വരുത്തുകയും ചെയ്തിരുന്നു.
നാവികരെ വിട്ടയക്കാനുള്ള ഖത്തര്‍ അമീറിന്റെ തീരുമാനത്തെ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. ലഭിക്കുന്ന കണക്കുകള്‍ അനുസരിച്ച് 750ഓളം ഇന്ത്യക്കാര്‍ ഖത്തിറിലെ വിവധ ജയിലുകളില്‍ തടവില്‍ കഴിയുന്നുണ്ട്.