പാക്കിസ്ഥാനിൽ ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രിയാകും. ബിലാവൽ ബൂട്ടോയുമായി നടന്ന മാരത്തോൺ ചർച്ചകൾക്ക് ഒടുവിലാണ് ഷെഹബാസിനെ പ്രധാമന്തിയാക്കാൻ തീരുമാനമായത്.
പാക്കിസ്ഥാൻ പീപ്പിള്‍സ് പാർട്ടി നേതാവ് ബിലാവല്‍ ഭൂട്ടോ സർദാരി പ്രധാനമന്ത്രി പദത്തിനുള്ള അവകാശവാദം ഉപേക്ഷിച്ച് പിഎംഎല്‍-എൻ സ്ഥാനാർഥിക്കു പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഷഹബാസ് ഷെരീഫ് പ്രധാനമന്ത്രി പദത്തിലെത്താനുള്ള സാധ്യത തെളിഞ്ഞത്.മുൻപു 3 തവണ പ്രധാനമന്ത്രിയായ നവാസ് ഷരീഫ് നാലാമതും അധികാരത്തിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇന്നലെ നടന്ന മാരത്തോൺ ചർച്ചയിലാണ് സഹോദരൻ ഷഹബാസിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നവാസ് തന്നെ നിർദേശിച്ചത്.
രാജ്യത്തെ രാഷ്ട്രീയ അരക്ഷിതാവസ്ഥ ഒഴിവാക്കാനാണ് തീരുമാനമെന്ന് പാർട്ടി സെൻട്രല്‍ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിനുശേഷം ബിലാവല്‍ ഭൂട്ടോ വിശദീകരിച്ചു. ഇമ്രാൻ ഖാന്റെ പാകിസ്താൻ തഹ്‍രീകെ ഇൻസാഫ് പാർട്ടിയുമായി സഖ്യമുണ്ടാക്കാനും ബിലാവല്‍ ശ്രമിച്ചെങ്കിലും അവർ താല്‍പര്യം പ്രകടിപ്പിച്ചില്ല.
തുടർന്നാണ് നവാസ് ശരീഫിന് പ്രശ്നാധിഷ്ഠിത പിന്തുണ നല്‍കി സർക്കാർ രൂപവത്കരണത്തിന് സഹായിക്കാൻ തീരുമാനിച്ചത്. തൻ്റെ പിതാവ് ആസിഫലി സർദാരിയെ പ്രസിഡണ്ടാക്കണമെന്ന ആവശ്യം ബിലാവൽ ബൂട്ടോ മുന്നോട്ട് വെച്ചിട്ടുണ്ട്.തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ജയിലില്‍ കഴിയുന്ന ഇമ്രാൻ ഖാന്റെ പാർട്ടി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥികളാണ് 266 അംഗ സഭയിലെ 101 സീറ്റുകളും നേടിയത്. നവാസ് ശരീഫിന്റെ പാർട്ടിക്ക് 75 സീറ്റും ബിലാവലിന്റെ പാർട്ടിക്ക് 54 സീറ്റുമാണ് ലഭിച്ചത്.