മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകള്‍ വീണാ വിജയനു കർണ്ണാടക ഹൈകോടതിയിൽ തിരിച്ചടി. എക്സാലോജിക്കിനെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹർജി കർണാടക ഹൈക്കോടതി തള്ളി.
എസ്.എഫ്.ഐ ഒ അന്വേഷണത്തിന് ഉത്തരവിട്ട കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജിയില്‍ ജസ്റ്റിസ് എം.നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചാണ് വാദം കേട്ടത്.ഇടക്കാല വിധി തേടിയായിരുന്നു വീണ കോടതിയെ സമീപിച്ചത്.എന്നാൽ അന്വേഷണം റദ്ധാക്കാൻ കഴിയില്ലെന്നും അന്വേഷണം തുടരാമെന്നും കോടതി ഉത്തരവിടുകയായിരുന്നു.
സേവനമില്ലാതെ എക്സാലോജിക്കിന് 1.72 കോടി കൈമാറിയെന്ന് കണ്ടെത്തിയതായി എസ്.എഫ്.ഐ.ഒ കോടതിയെ അറിയിച്ചിരുന്നു. രാഷ്‌ട്രീയക്കാർക്ക് സി.എം.ആർ.എല്‍ 135 കോടി നല്‍കിയെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു . എക്സാലോജിക് ഒരു സേവനവും നല്‍കാതെയാണ് 1.72 കോടി രൂപ വാങ്ങിയതെന്നും അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു.
ഹർജിയില്‍ വാദം കേട്ടതിന് ശേഷം വിധി പറയുന്നത് വരെ അറസ്റ്റ് അടക്കമുളള കടുത്ത നടപടി പാടില്ലെന്ന് കോടതി എസ്.എഫ്.ഐ.ഒയ്ക്ക് നിർദേശം നല്‍കിയിരുന്നു. അന്വേഷണ സംഘം ആവശ്യപ്പെടുന്ന മുഴുവൻ രേഖകള്‍ നല്‍കാൻ എക്സാലോജിക്കിനോടും കോടതി ആവശ്യപ്പെട്ടിരുന്നു. എസ്.എഫ്.ഐ.ഒ അന്വേഷണം തടയണമെന്നാണ് എക്സാലോജികിന്‍റെ ഹർജിയിലെ വാദം.എസ്.എഫ്.ഐ.ഒ അന്വേഷണം നിയമവിരുദ്ധമാണെന്നായിരുന്നു എക്സാലോജിക്കിന്‍റെ കര്‍ണാടക ഹൈക്കോടതിയിലെ വാദം.
കമ്പനികാര്യ മന്ത്രാലയം അന്വേഷണം നടത്തുന്നതിനിടെ എസ്.എഫ്.ഐ.ഒ അന്വേഷിക്കുന്നതിനെയും എക്സാലോജിക്കിനായി ഹാജരായ അഭിഭാഷകന്‍ അരവിന്ദ് ദറ്റാര്‍ ചോദ്യം ചെയ്തു. എസ്.എഫ്.ഐ.ഒ നടപടികള്‍ യു.എ.പി.എ നിയമത്തിന് തുല്യമാണ്. ഇത്തരം അസാധാരണമായ സാഹചര്യം ഈ കേസിലില്ല.
സോഫ്റ്റ്‍വെയർ കമ്പനി മറ്റൊരു സ്വകാര്യകമ്പനിക്ക് നല്‍കുന്ന സേവനം പൊതുജനതാല്‍പര്യത്തിന്‍റെ പരിധിയില്‍ വരില്ലെന്നും എക്സാലോജിക് വാദിച്ചിരുന്നു.അതേസമയം കേസിൻ്റെ വിധി പകർപ്പ് ലഭിച്ച ശേഷമായിരിക്കും എന്ത് തുടർ നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ എക്സാലോജിക്ക് തീരുമാനമെടുക്കുക.
Description