ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന പലസ്തീനിലെ ഫ്രീഡം തിയേറ്ററിന് നോബേല്‍ സമാധാന പുരസ്‌കാരത്തിനുള്ള നാമനിര്‍ദേശം. നോര്‍വീജിയന്‍ നോബേല്‍ കമ്മിറ്റി നാമനിര്‍ദേശം ചെയ്തതായി ഫ്രീഡം തിയേറ്റര്‍ അധികൃതര്‍ വ്യക്തമാക്കി.
പലസ്തീനിലെ വെസ്റ്റ് ബാങ്കിലെ ഫ്രീഡം തിയേറ്ററിനെ നോബേല്‍ സമ്മാനത്തിനായി നാമനിര്‍ദേശം ചെയ്ത് നോബേല്‍ കമ്മറ്റി. പലസ്തീനിലെ ജെനിന്‍ അഭയാര്‍ത്ഥി കേന്ദ്രത്തിന് സമീപമുള്ള സാംസ്‌കാരിക കേന്ദ്രമാണ് ഫ്രീഡം തിയേറ്റര്‍. 24000 ത്തോളം ആളുകള്‍ താമസിച്ചിരുന്ന ജെനിന്‍ ക്യാമ്പിന് നേരെയുണ്ടായ ഇസ്രായേലി വ്യോമാക്രമണത്തിലാണ് ഫ്രീഡം തിയേറ്റര്‍ തകര്‍ന്നത്.
കലയിലൂടെ അക്രമത്തിനെതിരെ ചെറുത്തുനില്‍പ്പ് സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്ന തിയേറ്റര്‍ കമ്പനിയാണ് ഫ്രീഡം തിയേറ്റര്‍. തിയേറ്ററിന്റെ സഹസ്ഥാപകനായ ജൂലിയാനോ മെര്‍ ഖാമിസിന്റെ കൊലപാതകം; കൂടാതെ വിവിധ ജീവനക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും അറസ്റ്റ്, കൊലപാതകം തുടങ്ങി നിരവധി പ്രശ്‌നങ്ങളായിരുന്നു ഫ്രീഡം തിയേറ്ററിന് അഭിമുഖീകരിക്കേണ്ടി വന്നത്.
കഴിഞ്ഞ ഡിസംബര്‍ 13 ന്, ജെനിനില്‍ നടന്ന റെയ്ഡിലാണ് ഇസ്രായേലി സൈന്യം ഫ്രീഡം തിയേറ്റര്‍ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തത്. ഫലസ്തീനിലെ ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ തുടങ്ങി ലോകമെമ്പാടും അലയടിക്കുന്ന ആയിരക്കണക്കിന് ആളുകളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സാധ്യമായ ഒരു കലാപരമായ പ്രസ്ഥാനമെന്നാണ് നോബേല്‍ കമ്മിറ്റി ഫ്രീഡം തിയേറ്ററിനെ വിശേഷിപ്പിച്ചത്.
വിവേചനം, അധിനിവേശം, അടിച്ചമര്‍ത്തല്‍ എന്നിവയ്ക്കെതിരെ ജെനിന്‍ ക്യാമ്പിന്റെ ഹൃദയത്തില്‍ നിന്നുയര്‍ന്ന ശബ്ദമായിരുന്നു ഫ്രീഡം തിയേറ്റര്‍. സമാധാനത്തിനുള്ള നോബേല്‍ നാമനിര്‍ദേശം ലഭിച്ചത് പോലും പലസ്തീന്‍ ജനതയുടെ അതിജീവനമാണ്. അടങ്ങാത്ത നിലവിളികള്‍ക്കുള്ളിലും പ്രത്യാശയുടെ ചെറുതിരിവെട്ടം പോലെ.