ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് ഗാസയിലെ നാസര്‍ ആശുപത്രിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി ലോകാരോഗ്യ സംഘടന. ഇസ്രയേല്‍ പ്രതിരോധ സേനയുടെ പരിശോധനയ്ക്ക് പിന്നാലെയാണ് ആശുപത്രി പ്രവര്‍ത്തനം നിര്‍ത്തിയത്.
ഹമാസ് നസര്‍ ആശുപത്രിയെ തീവ്രവാദത്തിനുള്ള മറയാക്കിയെന്ന് ആരോപിച്ചാണ് ഇസ്രയെല്‍ സൈന്യം ആശുപത്രിക്കകത്ത് പ്രവേശിച്ചത്. ഹമാസ് ബന്ദികളാക്കിയവര്‍ ആശുപത്രിക്കകത്ത് ഉണ്ടെന്നും ഇസ്രയെല്‍ സൈന്യം ആരോപിച്ചിരുന്നു.
നിന്ദ്യമായ രീതിയിലാണ് സൈന്യം ആശുപത്രിക്കകത്ത് പ്രവേശിച്ചതെന്നും ആശുപത്രികളെ യുദ്ധക്കരുവാക്കുന്നത് അംഗീകരിക്കാന്‍ ആകില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ലോകാരോഗ്യ സംഘടന പ്രവര്‍ത്തകരെ ആശുപത്രിക്ക് അകത്തേക്ക് പ്രവേശിക്കുന്നതില്‍ നിന്നും സൈന്യം വിലക്കുകയാണെന്നും ലോകാരോഗ്യ സംഘടന സെക്രട്ടറി ജനറല്‍ ടെഡ്രോസ് അദാനം പറഞ്ഞു.
200 ല്‍ അധികം രോഗികള്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും ഇതില്‍ ഇരുപത് പേരെ ഉടന്‍ മറ്റാശുപത്രികളിലേക്ക് മാറ്റേണ്ട സ്ഥിതിയാണെന്നും അധികൃതര്‍ പറയുന്നു. ഏത് രോഗിയുടെയും അവകാശമാണ് നല്ല ചികിത്സ എന്നിരിക്കെയാണ് യുദ്ധത്തിന്റെ സകല മാനദണ്ഡങ്ങളും തെറ്റിച്ചുള്ള ഇസ്രയേലിന്റെ പ്രവര്‍ത്തനങ്ങള്‍.
നസര്‍ ആശുപത്രിയില്‍ നാല് ഡോക്ടര്‍മാര്‍ മാത്രമാണ് ഇപ്പോള്‍ ശേഷിക്കുന്നത്. ഇസ്രയേലിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുമ്പോള്‍ ഹമാസ് ആശുപത്രികള്‍ മറയാക്കുകയാണെന്ന് ആവര്‍ത്തിക്കുകയാണ് ഇസ്രയേല്‍.