കോഴിക്കോട് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർഥി ചിത്രം തെളിയുന്നു. ഇത്തവണ രണ്ട് എംപിമാർ തമ്മിലായിരിക്കും കോഴിക്കോട് മണ്ഡലത്തിലെ പോരാട്ടം. യുഡിഎഫ് സ്ഥാനാർത്ഥിയായി എംകെ രാഘവൻ കളത്തിലിറങ്ങുമ്പോൾ എൽഡിഎഫിന് വേണ്ടി എത്തുന്നത് രാജ്യസഭാ എം.പി എളമരം കരീമായിരിക്കും. അതേസമയം എം.ടി. രമേശിന്റെ പേരാണ് അന്തിമമായി ബിജെപി പരിഗണിക്കുന്നത്.
കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ 6 നിയമസഭാ മണ്ഡലങ്ങളും എൽഡിഎഫിന് സ്വന്തമാണ്. കൊടുവള്ളി മാത്രമാണ് യുഡിഎഫിന് ഉള്ളത്. എന്നാൽ കഴിഞ്ഞ മൂന്ന് തവണയായി തുടർച്ചയായി കോൺഗ്രസിലെ എം.കെ.രാഘവനാണ് കോഴിക്കോട് മണ്ഡലത്തിൽ നിന്നും വെന്നിക്കൊടി പാറിക്കുന്നത്. നാലാം തവണയും എം.കെ.രാഘവനെ ഇറക്കുമ്പോൾ യുഡിഎഫ് വിജയത്തിൽ കുറഞ്ഞ ഒന്നും പ്രതീക്ഷിക്കുന്നില്ല.
ഇത്തവണ എന്ത് വില കൊടുത്തും കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ ചെങ്കൊടി ഉയർത്തണമെന്നാണ് സിപിഐഎം ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ മണ്ഡലത്തിൽ സുപരിചിതനായ കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമിനെയാണ് സിപിഐഎം ഇറക്കുക. മുൻമന്ത്രി എന്ന നിലയിലും രാജ്യസഭ അംഗമെന്ന നിലയിലും നാട്ടുകാരൻ എന്ന നിലയിലും കോഴിക്കോടുകാർക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിത്വമാണ് എളമരം കരീം.
മണ്ഡലത്തിൽ നിന്നും പരമാവധി വോട്ടുകൾ സമാഹരിക്കുക എന്നുള്ളതാണ് ബിജെപിയുടെ ലക്ഷ്യം. അതിനായി മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന എല്ലാവർക്കും അറിയുന്ന സ്ഥാനാർത്ഥി തന്നെ വേണം. അവസാനം പേരെത്തി നിൽക്കുന്നത് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശിലാണ്.
എംകെ രാഘവനും എളമരം കരീമും എംടി രമേശും കോഴിക്കോട് മണ്ഡലത്തിൽ ഇപ്പോൾതന്നെ സജീവമാണ്. ഔദ്യോഗിക പ്രഖ്യാപനം വന്നാൽ തെരഞ്ഞെടുപ്പ് പോർക്കളത്തിന് ചൂടുപിടിക്കും. മുതിർന്ന നേതാക്കൾ ഏറ്റുമുട്ടിയാൽ ഇത്തവണ കോഴിക്കോട് മണ്ഡലത്തിലെ പോരിന്റെ കാഠിന്യമേറും.